മകള്‍ക്ക് മോദി ഭക്തന്റെ ബലാല്‍സംഗ ഭീഷണി; ഇവരെ എങ്ങിനെ കൈകാര്യം ചെയ്യുമെന്ന് മോദിയോട് അനുരാഗ് കശ്യപ്
മോദിക്കെതിരെ അച്ഛന് ഇനിയും ശബ്ദമുയര്‍ത്തിയാല്‍ ബലാല്‍സംഗത്തിനിരയാക്കുമെന്നായിരുന്നു അയാളുടെ ഭീഷണി.
ന്യൂഡല്‍ഹി: തന്റെ മകള്‍ക്ക് നേരെ ബലാത്സംഗ ഭീഷണി മുഴക്കിയ മോദി ഭക്തനെ എങ്ങിനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന ചോദ്യമുയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സംവിധായകന് അനുരാഗ് കശ്യപ്.
351 സീറ്റുകളുമായി എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തിയതിനു പിന്നാലെ മോദി ഭക്തര്‍ ആഘോഷവുമായി തെരുവിലിറങ്ങിയിരുന്നു. ഇതേ സമയം മോദിക്ക് ജയ് വിളികളുമായി നിരവധി പേരാണ് സോഷ്യല്‍മീഡിയയിലും രംഗത്തുവന്നത്. ഇതിനിടെയാണ് മോദി ഭക്തന് അനുരാഗ് കശ്യപിന്റെ മകള്‍ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ ബലാല്‍സംഗ ഭീഷണി മുഴക്കിയത്.മോദിക്കെതിരെ അച്ഛന് ഇനിയും ശബ്ദമുയര്‍ത്തിയാല്‍ ബലാല്‍സംഗത്തിനിരയാക്കുമെന്നായിരുന്നു അയാളുടെ ഭീഷണി.
തുടര്‍ന്നാണ് കശ്യപ് പ്രതികരണവുമായി ട്വീറ്ററിലെത്തിയത്. പ്രിയപ്പെട്ട നരേന്ദ്ര മോദി സര്, താങ്കളുടെ വിജയത്തില്‍ അഭിനന്ദനങ്ങള്‍, സന്ദേശത്തില്‍ ഉള്‍പ്പെടുത്തിയതിന് നന്ദി. താങ്കളുമായി അഭിപ്രായഭിന്നതയുള്ള എന്റെ മകളെ ഭീഷണിപ്പെടുത്തിയ, താങ്കളുടെ വിജയം ആഘോഷിക്കുന്ന ഭക്തരെ ഞങ്ങള്‍ എങ്ങിനെയാണ് കൈകാര്യം ചെയ്യേണ്ടതെന്നു കൂടി ദയവായി ഞങ്ങളോട് പറഞ്ഞു തരൂ സാര്‍ എന്നായിരുന്നു അനുരാഗ് കശ്യപിന്റെ ട്വിറ്റ്.
ചൗക്കിദാര്‍ രാംസംഘി എന്ന ട്വിറ്റര്‍ അങ്കൗണ്ടില്‍ നിന്നാണ് അനുരാഗ് കശ്യപിന്റെ മകളുടെ ട്വിറ്റര്‍ അക്കൗണ്ടിലേക്ക് അസഭ്യ വര്‍ഷം നടത്തിയത്. എന്നാല്‍ ട്വിറ്റിന് പിന്നാലെ ചൗക്കിദാര്‍ രാംസംഘി തന്റെ അക്കൗണ്ട് നീക്കം ചെയ്തിട്ടുണ്ട്.