ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ: മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

സ്വമേധയ കേസെടുത്ത ഹൈക്കോടതി വിഷയത്തില്‍ വിശദമായ റിപോര്‍ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി.സാജന്റെ മരണം അസ്വസ്ഥതയുണ്ടാക്കുന്നതാണ്. അപേക്ഷകളില്‍ അധികൃതര്‍ തീരുമാനമെടുക്കാതിരിക്കുന്നത് തെറ്റാണെന്നും കോടതി നിരീക്ഷിച്ചു.അപേക്ഷകള്‍ ഇങ്ങനെ കെട്ടിക്കിടക്കുമ്പോള്‍ അതില്‍ മൗനം പാലിക്കുന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും കോടതി നിരീക്ഷിച്ചു

Update: 2019-06-21 06:53 GMT

കൊച്ചി: കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ആന്തൂരിലെ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് സ്വമേധയ കേസെടുത്ത ഹൈക്കോടതി വിഷയത്തില്‍ വിശദമായ റിപോര്‍ട് സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച്സര്‍ക്കാരിന് നിര്‍ദേശം നല്‍കി.സമഗ്രമായ അന്വേഷണം നടത്തിവേണം റിപോര്‍ട്ട് സമര്‍പ്പിക്കാനെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമ സാജന്‍ നഗരസഭയക്ക് നല്‍കിയ അപേക്ഷയും അതുമായി ബന്ധപ്പെട്ട് നഗര സഭ സ്വീകരിച്ച നടപടികളും അടക്കം മുഴുവന്‍ ഫയല്‍ രേഖകളും ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. സാജന്റെ മരണം അസ്വസ്ഥതയുണ്ടാക്കുന്നതാണ്. അപേക്ഷകളില്‍ അധികൃതര്‍ തീരുമാനമെടുക്കാതിരിക്കുന്നത് തെറ്റാണെന്നും കോടതി നിരീക്ഷിച്ചു.അപേക്ഷകള്‍ ഇങ്ങനെ കെട്ടിക്കിടക്കുമ്പോള്‍ അതില്‍ മൗനം പാലിക്കുന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. മരിച്ചയാളെ കോടതിക്ക് തിരിച്ച് കൊണ്ടുവരാനാകില്ല. പക്ഷേ, ഇനിയെങ്കിലും ഇതില്‍ ഉചിതമായ നടപടിയെടുക്കണം മെന്നും ഹൈക്കോടതി പറഞ്ഞു. ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ ഉതകുന്ന വിധത്തിലുള്ള നടപടികള്‍ സ്വീകരിക്കണം. വിഷയത്തിന്റെ ഗൗരവം മനസിലാക്കിയാണ് ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് ആന്തൂര്‍ നഗരസഭയിലെ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായി സര്‍ക്കാര്‍ വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നഗരസഭയിലെ നാല് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സസ്പെന്റു ചെയ്തിരുന്നു.ഇതിനു പിന്നാലെയാണ് ഇപ്പോള്‍ സാജന്റെ മരണത്തില്‍ ഹൈക്കോടതി സ്വമേധയ കേസെടുത്തിരിക്കുന്നത്.ആന്തൂര്‍ നഗര സഭാ അധ്യക്ഷ പി കെ ശ്യാമളയക്കെതിരെയും സിപിഎമ്മില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

Tags: