'വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ'; മോദിയുടെ പ്രസ്താവനയെ എതിര്‍ത്ത് നടി അനശ്വര രാജന്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് അക്രമം നടത്തുന്നത് ആരെന്ന് അവരുടെ വേഷത്തില്‍ നിന്നും തിരിച്ചറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഝാര്‍ഖണ്ഡില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞത് വലിയ വിവാദമായിരുന്നു.

Update: 2019-12-17 19:33 GMT

കോഴിക്കോട്: രാജ്യത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരേ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വര്‍ഗീയ പ്രസ്താവനയെ വിമര്‍ശിച്ച് നടി അനശ്വര രാജന്‍. 'വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ', 'പൗരത്വ നിയമ ഭേദഗതി തള്ളുക' എന്നുമാണ് അനശ്വര രാജന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. എവിടെ, ഉദാഹരണം സുജാത, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, ആദ്യരാത്രി എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് അനശ്വര രാജന്‍.



പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് അക്രമം നടത്തുന്നത് ആരെന്ന് അവരുടെ വേഷത്തില്‍ നിന്നും തിരിച്ചറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഝാര്‍ഖണ്ഡില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞത് വലിയ വിവാദമായിരുന്നു. പ്രതിഷേധക്കാരായ മുസ്‌ലിംകളെ ഉന്നമിട്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. മോദിയുടെ പ്രസ്താവനക്കെതിരെ പര്‍ദ്ദയും മഫ്തയും ധരിച്ചുള്ള കാംപയിനുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. വസ്ത്രങ്ങള്‍ അഴിച്ചും മുസ് ലിം വസ്ത്രങ്ങള്‍ ധരിച്ചും പ്രക്ഷോഭകര്‍ തെരുവില്‍ ഇറങ്ങി. ഈ സാഹചര്യത്തിലാണ് നടിയുടെ പോസ്റ്റ്.

പൗരത്വ ഭേദഗതി നിയമത്തെ വിമര്‍ശിച്ച് നിരവധി മലയാള ചലച്ചിത്ര താരങ്ങളാണ് ഇതിനോടകം രംഗത്തുവന്നിരിക്കുന്നത്. യുവതാരങ്ങള്‍ക്ക് പിന്നാലെ നടന്‍ മമ്മൂട്ടിയും ഇന്ന് പ്രതികരണവുമായി രംഗത്തെത്തി. സിനിമാ താരങ്ങളായ പാര്‍വ്വതി തിരുവോത്ത്, ഇന്ദ്രജിത്ത് സുകുമാരന്‍, ലിജോ ജോസ് പല്ലിശേരി, പൃഥ്വിരാജ് സുകുമാരന്‍, ഗീതു മോഹന്‍ദാസ്, കുഞ്ചാക്കോ ബോബന്‍, ആഷിഖ് അബു, ടോവിനോ തോമസ്, റിമാ കല്ലിങ്കല്‍, ഷെയിന്‍ നിഗം, ആന്റണി വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ, രജീഷ വിജയന്‍, അനൂപ് മേനോന്‍, സുരാജ് വെഞ്ഞാറമൂട്, ബിനീഷ് ബാസ്റ്റിന്‍ തുടങ്ങിയ താരങ്ങളെല്ലാം ഒറ്റക്കെട്ടായി പോലിസിന്റെ നരനായാട്ടിനെ എതിര്‍ക്കുകയും ജാമിഅ വിദ്യാര്‍ഥികളുടെ സമരത്തെ പിന്തുണക്കുകയും ചെയ്ത് രംഗത്തുവന്നു.

Tags:    

Similar News