ബംഗ്ലാദേശി ഹിന്ദുക്കളെ സംരക്ഷിക്കാന്‍ സിഎഎ ഭേദഗതി കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദിയോറ

ബംഗ്ലാദേശില്‍ വര്‍ധിച്ചുവരുന്ന വര്‍ഗീയ അക്രമങ്ങള്‍ അങ്ങേയറ്റം ആശങ്കാജനകമാണ്. മതപീഡനത്തില്‍ നിന്ന് രക്ഷപ്പെടുന്ന ബംഗ്ലാദേശി ഹിന്ദുക്കളെ സംരക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും സിഎഎ ഭേദഗതി ചെയ്യണം.

Update: 2021-10-19 09:30 GMT

ന്യൂഡല്‍ഹി: മത പീഡനങ്ങള്‍ കാരണം പലായനം ചെയ്യുന്ന ബംഗ്ലാദേശി ഹിന്ദുക്കളെ സംരക്ഷിക്കുന്നതിനായി പൗരത്വ (ഭേദഗതി) നിയമം (സിഎഎ) ഭേദഗതി ചെയ്യണമെന്ന് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മിലിന്ദ് ദിയോറ. കഴിഞ്ഞയാഴ്ച്ച ബംഗ്ലാദേശില്‍ നടന്ന ദുര്‍ഗാ പൂജ ആഘോഷങ്ങള്‍ക്കിടയില്‍ നടന്ന വര്‍ഗീയ അക്രമങ്ങളെക്കുറിച്ചുള്ള റിപോര്‍ട്ടുകളെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

സംഭവത്തെ 'ആശങ്കാജനകം' എന്ന് രേഖപ്പെടുത്തിയ അദ്ദേഹം ഇന്ത്യന്‍ മുസ്‌ലിംകളെ ബംഗ്ലാദേശി ഇസ്‌ലാമിസ്റ്റുകളുമായി തുലനം ചെയ്യാനുള്ള ശ്രമങ്ങള്‍ക്കെതിരേ മുന്നറിയിപ്പ് നല്‍കി.

ബംഗ്ലാദേശില്‍ വര്‍ധിച്ചുവരുന്ന വര്‍ഗീയ അക്രമങ്ങള്‍ അങ്ങേയറ്റം ആശങ്കാജനകമാണ്. മതപീഡനത്തില്‍ നിന്ന് രക്ഷപ്പെടുന്ന ബംഗ്ലാദേശി ഹിന്ദുക്കളെ സംരക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും സിഎഎ ഭേദഗതി ചെയ്യണം. ഇന്ത്യന്‍ മുസ്‌ലിംകളെ ബംഗ്ലാദേശി ഇസ്‌ലാമിസ്റ്റുകളുമായി തുലനം ചെയ്യാനുള്ള ഏത് സാമുദായിക ശ്രമവും ഇന്ത്യ തള്ളിക്കളയുകയും തടയുകയും വേണമെന്ന് ദിയോറ ട്വിറ്ററില്‍ കുറിച്ചു.

അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനാണ് സിഎഎ ഭേദഗതി കൊണ്ടുവരുന്നതെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വച്ച വാദം. ബംഗ്ലാദേശിലെ 169 ദശലക്ഷം വരുന്ന ജനസംഖ്യയുടെ 10% മാത്രമാണ് ഹിന്ദുക്കള്‍.

Similar News