ടൂറിസ്റ്റ് ബസിനെ മറികടക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ജീവനക്കാരനു ക്രൂരമര്‍ദ്ദനം(വീഡിയോ)

Update: 2020-02-03 06:07 GMT

കോഴിക്കോട്: ടൂറിസ്റ്റ് ബസ്സിനെ മറികടക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ജീവനക്കാരനെ ബസ് ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ എസ്‌വൈഎസ് സഹായി ആംബുലന്‍സ് ജീവനക്കാരന്‍ സിറാജിനാണു മര്‍ദ്ദനമേറ്റത്. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ ബസ് തടഞ്ഞുവച്ച് ക്ലീനര്‍ കൊടുവള്ളി പാറക്കുന്നേല്‍ ലിജേഷിനെ പോലിസിനെ ഏല്‍പ്പിച്ചു. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പരിക്കേറ്റ സിറാജിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ ഏഴോടെ കോഴിക്കോട് കൊല്ലഗല്‍ ദേശീയപാതയില്‍ ഈങ്ങാപ്പുഴ അങ്ങാടിക്കു സമീപമാണ് സംഭവം. താമരശ്ശേരിയില്‍ നിന്നു കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് രോഗിയെ എടുക്കാന്‍ പോവുകയായിരുന്നു ആംബുലന്‍സ്.

   

Full View

കോഴിക്കോട് നിന്നു ആംബുലന്‍സിനു എമര്‍ജന്‍സി വിളിച്ച പ്രകാരം പോവുന്ന വഴി ഈങ്ങാപ്പുഴയില്‍ വച്ചാണ് ഡിഎല്‍ടി എന്ന ടൂറിസ്റ്റ് കമ്പനിയുടെ എന്‍എല്‍ 01 ബി 1671 നമ്പര്‍ ബസ് സൈഡ് കൊടുക്കാതിരുന്നത്. ഇത് ചോദ്യം ചെയ്തപ്പോള്‍ ബസിന്റെ ഡ്രൈവറും ക്ലീനറും ചേര്‍ന്ന് ആംബുലന്‍സ് ഡ്രൈവര്‍ക്കൊപ്പമുണ്ടായിരുന്നയാളെ മര്‍ദ്ദിക്കുകയായിരുന്നു. ആംബുലന്‍സിന് പിറകിലായി ബൈക്കില്‍ വന്നവര്‍ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ഇത് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.




Tags:    

Similar News