പാലത്തായി ബാലികാ പീഡനം: പിണറായി സര്‍ക്കാര്‍ സംഘപരിവാറിന് ദാസ്യപ്പണി ചെയ്യുന്നു-ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

അനാഥയും വിദ്യാര്‍ഥിനിയുമായ ബാലികയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ കുറ്റവാളിയെ രക്ഷിക്കാന്‍ പോക്‌സോ ഒഴിവാക്കി സര്‍ക്കാരും പോലിസും ബിജെപി നേതാക്കളുമായി നടത്തിയ ആസൂത്രിതനീക്കം സ്ത്രീ സുരക്ഷയോടും നിയമവാഴ്ചയോടുമുള്ള കടുത്ത വെല്ലുവിളിയാണ്.

Update: 2020-07-17 03:25 GMT

കോഴിക്കോട്: കണ്ണൂര്‍ പാലത്തായിയില്‍ നാലാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവും അധ്യാപകനുമായ പത്മരാജന് ജാമ്യം ലഭിക്കാനിടയായ സാഹചര്യം, ആര്‍എസ്എസിന് പാദസേവ ചെയ്ത് ഭരണത്തുടര്‍ച്ച നേടാനുള്ള സിപിഎം ശ്രമങ്ങളുടെ ഭാഗമാണെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ഓണ്‍ലൈന്‍ യോഗം അഭിപ്രായപ്പെട്ടു.

പോക്‌സോ വകുപ്പുകള്‍ ഒഴിവാക്കി കഴിഞ്ഞ ദിവസം െ്രെകംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണ് പ്രതിക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്. അനാഥയും വിദ്യാര്‍ഥിനിയുമായ ബാലികയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ കുറ്റവാളിയെ രക്ഷിക്കാന്‍ പോക്‌സോ ഒഴിവാക്കി സര്‍ക്കാരും പോലിസും ബിജെപി നേതാക്കളുമായി നടത്തിയ ആസൂത്രിതനീക്കം സ്ത്രീ സുരക്ഷയോടും നിയമവാഴ്ചയോടുമുള്ള കടുത്ത വെല്ലുവിളിയാണ്.

സ്വര്‍ണക്കടത്തും സ്ത്രീപീഡനവും കത്തിനില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ സംശയത്തിന്റെ നിഴലിലേക്കു പോവുകയാണ്. അഴിമതിയും സംഘപരിവാര്‍ പ്രീണനവും ഇടതുപക്ഷ സര്‍ക്കാരിന് ഒഴിയാബാധയാവുമ്പോള്‍ വാചകക്കസറത്തുകളിലൂടെ പുകമറ സൃഷ്ടിക്കാതെ രാഷ്ട്രീയമായ സത്യസന്ധത തെളിയിക്കാനാണ് ശ്രമിക്കേണ്ടത്.

എതിര്‍ പാര്‍ട്ടിയുടെ കൊള്ളരുതായ്മകള്‍ സ്വന്തം പാര്‍ട്ടിക്ക് നേട്ടമാക്കാന്‍ ഉപയോഗിക്കുന്ന സ്ഥിരം പ്രവണതകള്‍ കണ്ടുമടുത്തിരിക്കുമ്പോള്‍ ജനപ്രതിബദ്ധതയും രാഷ്ട്രീയ സത്യസന്ധതയും സ്വയം മുഖമുദ്രയായി സ്വീകരിക്കാനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കേണ്ടതെന്നും സംഘപരിവാര്‍ വിധേയത്വവും അനീതിയും മുഖം നോക്കാതെ എതിര്‍ത്തു തോല്പിക്കാന്‍ ജനങ്ങള്‍ തയാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തില്‍ ഭാരവാഹികളായ ടി അബ്ദു റഹ്മാന്‍ ബാഖവി, കെ കെ അബ്ദുല്‍ മജീദ് ഖാസിമി, ഹാഫിസ് മുഹമ്മദ് അഫ്‌സല്‍ ഖാസിമി, അര്‍ഷദ് മുഹമ്മദ് നദ് വി തുടങ്ങിയവര്‍ സംബന്ധിച്ചു. 

Tags:    

Similar News