കോണ്‍ഗ്രസ് മാത്രം വിചാരിച്ചാല്‍ മോദി സര്‍ക്കാരിനെ താഴെയിറക്കാനാവില്ല: എ കെ ആന്റണി
സ്ഥാനാര്‍ഥികളെ ഏതാനും നേതാക്കള്‍ തീരുമാനിക്കുന്ന പതിവ് ഇനിയുണ്ടാവില്ല. ഫെബ്രുവരിയില്‍ തന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. വര്‍ഗീയ ശക്തികളില്‍ നിന്നും രാജ്യത്തെ മോചിപ്പിക്കേണ്ട കുരുക്ഷേത്രയുദ്ധമാണ് വരാന്‍പോവുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറായ പാര്‍ട്ടികളുമായി സംഖ്യമുണ്ടാക്കും.
തിരുവനന്തപുരം: കോണ്‍ഗ്രസ് മാത്രം വിചാരിച്ചാല്‍ മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് ഇന്ദിരാഭവനില്‍ ചേര്‍ന്ന കെപിസിസി ജനറല്‍ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ഥാനാര്‍ഥികളെ ഏതാനും നേതാക്കള്‍ തീരുമാനിക്കുന്ന പതിവ് ഇനിയുണ്ടാവില്ലെന്നും ഫെബ്രുവരിയില്‍ തന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഗീയ ശക്തികളില്‍ നിന്നും രാജ്യത്തെ മോചിപ്പിക്കേണ്ട കുരുക്ഷേത്രയുദ്ധമാണ് വരാന്‍പോവുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഭയക്കുന്ന എതിരാളി രാഹുല്‍ഗാന്ധി മാത്രമാണ്. രാഹുല്‍ഗാന്ധി ഇന്ത്യയെ നയിക്കാന്‍ പ്രാപ്തനായി. മോദി ഭരണം അവസാനിപ്പിക്കാനുള്ള പോരാട്ടത്തില്‍ നിര്‍ണായക ശക്തി കോണ്‍ഗ്രസാണ്. തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറായ സംസ്ഥാനങ്ങളിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി സംഖ്യമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളേയും ജനാധിപത്യത്തേയും ബഹുസ്വരതയേയും സംരക്ഷിക്കാനുള്ള പോരാട്ടാത്തില്‍ മതേതരവിശ്വാസികള്‍ക്ക് കൈപ്പിഴപറ്റി വര്‍ഗീയ ശക്തികള്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ അവര്‍ തകര്‍ക്കുന്നത് രാജ്യത്തിന്റെ ഭരണഘടനയാണ്. നാലര വര്‍ഷത്തെ മോദി ഭരണത്തില്‍ ആഎസ്എസ് നോമിനികളുടെ കടന്നുകയറ്റത്തിലൂടെ ഭരണഘടനാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി തകര്‍ക്കുന്നു. ജനങ്ങള്‍ക്ക് കപട വാഗ്ദാനം നല്‍കി കബളിപ്പിച്ചും ജാതിമതവികാരം ആളികത്തിച്ചുമാണ് മോദി അധികാരത്തിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ എടുത്തുചാട്ടമാണ് ശബരിമല വിഷയം ഇത്ര സങ്കീര്‍ണമാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അനുരജ്ഞനത്തിന്റെതല്ല, മറിച്ച് അഹന്തയുടേയും പ്രകോപനത്തിന്റേയും ഭാഷയായിരുന്നു മുഖ്യമന്ത്രിയുടേത്. ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ ഈ വിഷയത്തെ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിച്ചു. സ്ത്രീപ്രവേശനത്തിന്റെ പേരില്‍ ആര്‍എസ്എസ് നടത്തിയ ഹര്‍ത്താല്‍ അക്ഷരാര്‍ത്ഥത്തില്‍ കലാപമായിരുന്നു. ബിജെപിയും സിപിഎമ്മും തമ്മില്‍ പരസ്പര ധാരണയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ആന്റണി പറഞ്ഞു.
