യൂനിവേഴ്‌സിറ്റി കോളജ് സംഭവം; ഏകസംഘടനാ വാദത്തിൻറെ ഫലം: എഐഎസ്എഫ്

വിമർശിക്കുന്നവരേയും വിയോജിക്കുന്നവരേയും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരേയും ക്‌ളാസ് മുറികളിൽ പൂട്ടിയിടുകയും മർദിക്കുകയും ചെയ്യുന്ന കൊടുംക്രിമിനലുകളുടെ താവളങ്ങളായി യൂനിവേഴ്‌സിറ്റി കോളജ് മാറിയിരിക്കുകയാണ്.

Update: 2019-07-12 16:08 GMT

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജ് സംഭവം ഏകസംഘടനാ വാദത്തിൻറെ ഫലമെന്ന് എഐഎസ്എഫ് സംസ്ഥാന സമിതി പ്രസ്താവന. യൂനിവേഴ്‌സിറ്റി കോളജിലെ അക്രമ പരമ്പരകളും സദാചാര ഗുണ്ടായിസവും ഇതിൻറെ ഫലമാണ്. എഐഎസ്എഫ് അടക്കമുള്ള വിദ്യാർഥി സംഘടനകളുടെ സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുകയാണ് എസ്എഫ്ഐ ചെയ്യുന്നത്. എസ്എഫ്ഐക്കെതിരേ രൂക്ഷ വിമർശനമാണ് ഇടതുപക്ഷ വിദ്യാർഥി സംഘടനയായ എഐഎസ്എഫ് ഉന്നയിച്ചിരിക്കുന്നത്.

വിമർശിക്കുന്നവരേയും വിയോജിക്കുന്നവരേയും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരേയും ക്‌ളാസ് മുറികളിൽ പൂട്ടിയിടുകയും മർദിക്കുകയും ചെയ്യുന്ന കൊടുംക്രിമിനലുകളുടെ താവളങ്ങളായി യൂനിവേഴ്‌സിറ്റി കോളജ് മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അക്രമികൾക്ക് എല്ലാ വഴിവിട്ട സഹായങ്ങളും നൽകി, ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുന്ന കോളജ് പ്രിൻസിപ്പലിനെ തൽസ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്നും കേസിൽ പ്രതി ചേർക്കണമെന്നും എഐഎസ്എഫ് ആവശ്യപ്പെട്ടു.

ജനാധിപത്യം കൊടിയടയാളങ്ങളിൽ മാത്രമായി ഒതുങ്ങാൻ പാടില്ല. കാംപസുകളുടെ ജനാധിപത്യം സംരക്ഷിക്കേണ്ടത് സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാർഥി പ്രസ്ഥാനങ്ങളുടെ കടമയാണെന്നും എഐഎസ്എഫ് സംസ്ഥാന പ്രസിഡൻറ് അരുൺ ബാബുവും സെക്രട്ടറി ശുഭേഷ് സുധാകരനും പ്രസ്താവനയിൽ പറഞ്ഞു.

ഇന്ന് രാവിലെയാണ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിന് കുത്തേറ്റത്. അഖിലിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുത്തേറ്റ അഖിലും എസ്എഫ്‌ഐ പ്രവര്‍ത്തകനാണ്. ഇന്നലെ കോളജ് കാന്റീനിലിരുന്ന് പാട്ട് പാടിയ വിദ്യാര്‍ഥികളെ എസ്എഫ്‌ഐ പ്രവര്‍ത്തകരെത്തി തടഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.

Tags:    

Similar News