ആലപ്പുഴയില്‍ കള്ളനോട്ട് കേസില്‍ കൃഷി ഓഫിസര്‍ അറസ്റ്റില്‍

Update: 2023-03-09 02:05 GMT

ആലപ്പുഴ: കള്ളനോട്ട് കേസില്‍ കൃഷി ഓഫിസര്‍ അറസ്റ്റിലായി. എടത്വ കൃഷി ഓഫിസര്‍ എം ജിഷമോളെയാണ് ആലപ്പുഴ സൗത്ത് പോലിസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും കിട്ടിയ ഏഴ് കള്ളനോട്ടുകള്‍ മറ്റൊരാള്‍ ബാങ്കില്‍ നല്‍കിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. കൂടുതല്‍ നോട്ടുകള്‍ കൈവശമുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരാന്‍ ജിഷയെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കള്ളനോട്ടിന്റെ ഉറവിടം വെളിപ്പെടുത്താന്‍ ജിഷ തയ്യാറായില്ല.

ജിഷയുമായി പരിചയത്തിലുള്ള മല്‍സ്യബന്ധന സാമഗ്രികള്‍ വില്‍ക്കുന്നയാളാണ് 500 രൂപയുടെ ഏഴ് കള്ളനോട്ടുകള്‍ ബാങ്കില്‍ നല്‍കിയത്. കള്ളനോട്ടാണെന്ന് ബാങ്ക് കണ്ടെത്തിയതോടെയാണ് പോലിസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പണം ജിഷമോള്‍ നല്‍കിയതാണെന്ന് മനസ്സിലാക്കിയത്. എന്നാല്‍, ഇയാള്‍ക്ക് ഇവ കള്ളനോട്ടുകളാണെന്ന് അറിയില്ലായിരുന്നുവെന്ന് പോലിസ് പറയുന്നു. ഇപ്പോള്‍ കളരിക്കല്‍ ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയാണ് ജിഷമോള്‍. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കാന്‍ ശ്രമിച്ചതായും മുമ്പ് ജോലി ചെയ്ത ഓഫിസില്‍ ക്രമക്കേട് നടത്തിയതായും ഇവര്‍ക്കെതിരേ ആരോപണമുണ്ട്.

Tags:    

Similar News