ജാമിഅ മില്ലിയ സര്‍വകലാശാലയിലെ പോലിസ് അതിക്രമത്തെ തുടര്‍ന്ന് രാജ്യവ്യാപക പ്രതിഷേധം

സര്‍വകലാശാല പൂര്‍ണമായും പോലിസ് നിയന്ത്രണത്തിലാക്കി. ചിതറിയോടിയ വിദ്യാര്‍ഥികള്‍ പോലിസിനെ ഭയന്ന് മണിക്കൂറുകളോളം കാംപസിനകത്ത് കുടുങ്ങിക്കിടന്നു.

Update: 2019-12-16 02:24 GMT

ന്യൂഡല്‍ഹി: ജാമിഅ മില്ലിയ സര്‍വകലാശാലയിലെ പോലിസ് അതിക്രമത്തെ തുടര്‍ന്ന് രാജ്യവ്യാപക പ്രതിഷേധം. വിവിധയിടങ്ങളില്‍ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്തെത്തി. അലിഗഡ് സര്‍വകലാശാലയിലെ പ്രക്ഷോഭത്തിന് നേരെയും പോലിസ് അതിക്രമമുണ്ടായി. നൂറിലേറെ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അലിഗഡ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇവിടെ ഇന്റര്‍നെറ്റ് സേവനം 24 മണിക്കൂര്‍ റദ്ദാക്കി.

ജാമിഅ മില്ലിയയിലെ പോലിസ് നരനായാട്ടിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വൈകീട്ട് ആറ് മണിയോടെയാണ് പോലിസ് സര്‍വകലാശാല കാംപസിലേക്ക് ഇരച്ചുകയറിയത്. പ്രക്ഷോഭകാരികളെ പിടികൂടാന്‍ എന്ന് പറഞ്ഞായിരുന്നു പോലിസ് നടപടി. സര്‍വകലാശാലകളുടെ സെന്റര്‍ കാന്റീനിലും ലൈബ്രറിയിലുമടക്കം പോലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

രാത്രി വൈകിയും പോലിസ് നടപടി തുടര്‍ന്നു. സര്‍വകലാശാല പൂര്‍ണമായും പോലിസ് നിയന്ത്രണത്തിലാക്കി. ചിതറിയോടിയ വിദ്യാര്‍ഥികള്‍ പോലിസിനെ ഭയന്ന് മണിക്കൂറുകളോളം കാംപസിനകത്ത് കുടുങ്ങിക്കിടന്നു. പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥികളെയും പോലിസ് കസ്റ്റഡിയിലെടുത്തെങ്കിലും ഇന്ന് പുലര്‍ച്ചെ വിട്ടയിച്ചു.

വിദ്യാര്‍ഥികളെ ക്രൂരമായി നേരിട്ടതില്‍ പ്രതിഷേധിച്ച് ഡല്‍ഹി പോലിസ് ആസ്ഥാനത്തേക്ക് ജെഎന്‍യു വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. ജെഎന്‍യു വിദ്യാര്‍ഥി യൂിനിയന്‍, ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥികള്‍, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുത്തു. ഹൈദരാബാദിലെ മൌലാന ആസാദ് ഉറുദു സര്‍വകലാശാലയിലെയും ബനാറസ് ഹിന്ദു സര്‍വകലാശാലയിലെയും വിദ്യാര്‍ഥികള്‍ പ്രതിഷേധ മാര്‍ച്ചുകള്‍ നടത്തി. കൊല്‍ക്കത്ത ജാദവ്പൂര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളും പ്രതിഷേധിച്ചു. 

Similar News