തിരുവനന്തപുരത്ത് കാറിലെത്തിയ സംഘം യുവാവിനെ വെട്ടിക്കൊന്നു

Update: 2024-03-27 17:29 GMT

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയ്ക്ക് സമീപം കൊടങ്ങാവിളയില്‍ കാറിലെത്തിയ സംഘം യുവാവിനെ വെട്ടിക്കൊന്നു. സ്വകാര്യ മൈക്രോഫിനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാരനായ നെയ്യാറ്റിന്‍കര ഊരൂട്ടുകാലയിലെ ആദിത്യനാ(23)ണ് കൊല്ലപ്പെട്ടത്. കൊടങ്ങാവിള കവലയ്ക്ക് സമീപം ബുധനാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ ആദിത്യനെ കാറിലെത്തിയ അഞ്ചംഗ സംഘം വെട്ടിക്കൊല്ലുകയായിരുന്നു. പണമിടപാട് സംബന്ധിച്ച കാര്യം പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ ശേഷമാണ് വെട്ടിക്കൊന്നത്. സമീപവാസികളെത്തിയപ്പോഴേക്കും അക്രമികള്‍ കാറുപേക്ഷിച്ച് കടന്നുകളഞ്ഞു. ആക്രമണത്തിനിടെ കാറിന്റെ ചില്ല് തകര്‍ന്നിരുന്നു. അക്രമികളെ കണ്ടെത്താന്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ആദിത്യന്റെ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ചരല്‍കല്ലുവിളവീട്ടില്‍ ഷണ്‍മുഖന്‍ ആശാരി-രാജലക്ഷ്മി ദമ്പതികളുടെ മകനായ ആദിത്യനും കുടുംബവും പത്താംകല്ലിലെ വാടകവീട്ടിലാണ് താമസിച്ചിരുന്നത്.

Tags:    

Similar News