ഗുജറാത്തില്‍ രാസവസ്തു ഫാക്ടറിയില്‍ സ്ഫോടനം: എട്ടു മരണം; 40 പേര്‍ക്ക് ഗുരുതര പരുക്ക്

ഭറൂച്ച് ജില്ലയിലെ ദഹേജില്‍ യശശ്വി രസായന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന രാസവസ്തു നിര്‍മാണശാലയിലാണ് സ്‌ഫോടനമുണ്ടായത്.

Update: 2020-06-03 17:51 GMT

ഭറൂച്ച്: ഗുജറാത്തില്‍ രാസവസ്തു ഫാക്ടറിയില്‍ വന്‍ അഗ്നിബാധയ്ക്ക് ഇടയാക്കിയ ഉഗ്ര സ്‌ഫോടനത്തില്‍ എട്ടു പേര്‍ മരിച്ചു. 40 പേര്‍ക്ക് ഗുരുതര പൊള്ളലേറ്റു. ഭറൂച്ച് ജില്ലയിലെ ദഹേജില്‍ യശശ്വി രസായന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന രാസവസ്തു നിര്‍മാണശാലയിലാണ് സ്‌ഫോടനമുണ്ടായത്. പരുക്കേറ്റവരെ ഭറൂച്ച് സിവില്‍ ആശുപത്രിയിലും മറ്റു രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

ബുധനാഴ്ച ഉച്ചയോടെയായിരുന്നു സ്‌ഫോടനം. പത്തോളം അഗ്നിശമന സേനാ യൂനിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സമീപത്തെ രണ്ട് ഗ്രാമങ്ങളില്‍ താമസിക്കുന്ന 4,800 പേരെ മാറ്റിപ്പാര്‍പ്പിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.

ദഹേജിലെ ലഖി ഗ്രാമത്തിലുള്ള ഫാക്ടറിയില്‍ നൂറുകണക്കിന് തൊഴിലാളികള്‍ ജോലിക്കെത്തിയിരുന്നതായി ഭറൂച്ച് ജില്ലാ ദുരന്ത നിവാരണ അധികൃതര്‍ പറഞ്ഞു. രണ്ട് സംഭരണികളിലായി സൂക്ഷിച്ച രാസവസ്തുക്കള്‍ തമ്മില്‍ പ്രതിപ്രവര്‍ത്തനം നടന്നാണ് സ്‌ഫോടനമുണ്ടായതെന്നാണ് പ്രാഥമിക നിഗമനമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

20 തരം രാസവസ്തുക്കള്‍ നിര്‍മിക്കുന്ന ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടന ശബ്ദം മൂന്നു കി.മീറ്റര്‍ അകലെവരെ കേട്ടതായി സമീപ വാസികള്‍ പറഞ്ഞു.സ്ഫോടനം നടന്നയുടന്‍ തൊഴിലാളികളില്‍ ചിലര്‍ ഫാക്ടറിയില്‍നിന്ന് പുറത്തിറങ്ങി മാനേജര്‍മാരെയും ഉടമകളെയും വിവരമറിയിച്ചു. ഭറൂച്ച് ജില്ലാ കലക്ടര്‍ എംഡി മോഡിയയും ദുരന്ത നിവാരണ സംഘവും അഗ്‌നിശമന സേനാംഗങ്ങളും ഉടന്‍ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. സ്ഫോടനം നടന്നതെങ്ങനെയെന്ന് കണ്ടെത്താന്‍ വിദഗ്ധര്‍ സ്ഥലത്തെത്തുമെന്ന് കലക്ടര്‍ പറഞ്ഞു.   

Tags:    

Similar News