സവര്‍ണ ജാതിക്കാരുടെ പീഡനം; എട്ട് ദലിത് കുടുംബങ്ങളില്‍ നിന്നായി 40 പേര്‍ ഇസ് ലാം സ്വീകരിച്ചു

ഞങ്ങള്‍ ഹിന്ദുക്കളായിരുന്നിട്ടും, പ്രബല ജാതിക്കാര്‍ ഉപയോഗിച്ച അതേ വഴിയിലൂടെ നടക്കാന്‍ ഞങ്ങളെ അനുവദിച്ചിരുന്നില്ല. 'രണ്ട് കപ്പ് സമ്പ്രദായമാണ് നിലനില്‍ക്കുന്നത്. ഇപ്പോഴും പ്രബല ജാതിക്കാരുടെ മുടി വെട്ടുന്ന ക്ഷുരകര്‍ നമ്മുടെ മുടി തൊടില്ല. മുടിവെട്ടാന്‍ അടുത്തുള്ള ഗ്രാമങ്ങളില്‍ പോകണം. ദലിതര്‍ക്ക് ഇവിടെ ആത്മാഭിമാനം നഷ്ടപ്പെട്ടു'. അദ്ദേഹം ആരോപിച്ചു.

Update: 2022-02-04 10:07 GMT

തേനി: സവര്‍ണ ജാതിക്കാരുടെ പീഡനത്തില്‍ രക്ഷ തേടി എട്ട് ദലിത് കുടുംബങ്ങളില്‍ നിന്നായി 40 പേര്‍ ഇസ് ലാം മതം സ്വീകരിച്ചു. തമിഴ്‌നാട്ടിലെ തേനി ജില്ലയില്‍ എട്ട് ദലിത് കുടുംബങ്ങള്‍ ഇസ് ലാം മതം സ്വീകരിച്ചതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു. തങ്ങളുടെ ഗ്രാമത്തിലെ സവര്‍ണ ജാതിക്കാരുടെ പീഡനത്തെ തുടര്‍ന്നാണ് മതം മാറാന്‍ നിര്‍ബന്ധിതരായതെന്ന് ഇസ്‌ലാം മതം സ്വീകരിക്കുന്നവര്‍ പറഞ്ഞു. തേനിയിലെ ബോഡിനായ്ക്കനൂര്‍ ടൗണിനടുത്തുള്ള ഡോംബുച്ചേരി ഗ്രാമത്തിലാണ് മതപരിവര്‍ത്തനം നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

സവര്‍ണ ജാതിക്കാരുടെ പീഡനം സഹിക്കാനാവുന്നില്ലെന്ന് ഇസ്‌ലാം മതം സ്വീകരിച്ചതിന് ശേഷം റഹീമ എന്ന പേര് സ്വീകരിച്ച വീരലക്ഷ്മി പറയുന്നു. 'നവംബര്‍ 4 ന് എന്റെ ഭര്‍ത്താവിനെ സവര്‍ണ ജാതിക്കാര്‍ ആക്രമിച്ചു. ദലിത് യുവാവ് ബൈക്ക് ഉപയോഗിക്കുന്നത് ചോദ്യം ചെയ്തായിരുന്നു ആക്രമണം. ദലിത് പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുമ്പോള്‍ ജാതിപ്പേര് വിളിച്ച് കളിയാക്കുന്നത് പതിവാണ്. ഇതാണ് ഞങ്ങള്‍ ഇസ് ലാം മതം സ്വീകരിക്കാന്‍ കാരണം. എന്റെ പേര് വീരലക്ഷ്മി എന്നതില്‍ നിന്ന് റഹീമ എന്നാക്കി മാറ്റി,' അവര്‍ പറഞ്ഞു.

താന്‍ ജനിച്ചത് ഹിന്ദുവായിട്ടാണെന്നും എന്നാല്‍ കുട്ടിക്കാലം മുതല്‍ ജാതിയുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അവരുടെ ഭര്‍ത്താവ് കലൈകണ്ണന്‍ പറഞ്ഞു. കലൈകണ്ണന്‍ മുസ് ലിമായതോടെ പേര് മാറ്റി മുഹമ്മദ് ഇസ്മായില്‍ എന്ന പേര് സ്വീകരിച്ചു. 'പ്രബല ജാതിക്കാരുടെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ തങ്ങളെ അനുവദിക്കുന്നില്ല. അവര്‍ തുല്യനായി കണക്കാക്കിയില്ല. 2009ല്‍, സവര്‍ണരുടെ വീടുകള്‍ക്ക് മുന്നിലെ റോഡുകളിലൂടെ മൃതദേഹം കൊണ്ടുപോകാന്‍ അനുവദിക്കാത്ത സംഭവം ഞാന്‍ ഓര്‍ക്കുന്നു. അവര്‍ ഞങ്ങളെ ആക്രമിക്കുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു'. അദ്ദേഹം പറഞ്ഞു.

'സമൂഹം വളരെയധികം പുരോഗമിച്ചിട്ടും ഒന്നും മാറിയിട്ടില്ല. ദീബാവലി ആഘോഷത്തിനിടെ പ്രബല ജാതിക്കാര്‍ ഞങ്ങളെ ആക്രമിച്ച സംഭവത്തിന് ശേഷമാണ് ഞാന്‍ ഇസ്‌ലാം മതം സ്വീകരിക്കാന്‍ തീരുമാനിച്ചത്. ചക്ലിയ ജാതിയില്‍പ്പെട്ട ഒരാള്‍ക്ക് എങ്ങനെ ബൈക്ക് സ്വന്തമാക്കാന്‍ കഴിയുമെന്ന് പറഞ്ഞായിരുന്നു ആക്രണം. ബൈക്ക് ഓടിക്കുന്നതിനിടെ ഒരു കൂട്ടം ആളുകള്‍ തടഞ്ഞ് നിര്‍ത്തി അക്രമിക്കുകയായിരുന്നു'. മുഹമ്മദ് ഇസ്മായില്‍ പറഞ്ഞു.

ഗ്രാമത്തിലെ പ്രബല ജാതിക്കാര്‍ ഇടയ്ക്കിടെ ദലിത് വിഭാഗങ്ങളെ ലക്ഷ്യമാക്കി കലാപം നടത്തുന്നതായി ഇപ്പോള്‍ മുസ്തഫയായ നാഗരാജ് ആരോപിച്ചു.

'ആറു മാസത്തിലൊരിക്കലെങ്കിലും, ഇവിടെ പ്രബല ജാതിക്കാര്‍ ഞങ്ങളെ ആക്രമിക്കുകയും ഞങ്ങളുടെ സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്ന കലാപങ്ങള്‍ അരങ്ങേറുന്നുണ്ട്. എന്തുകൊണ്ടാണ് ഞങ്ങള്‍ ഇത് അഭിമുഖീകരിക്കേണ്ടി വരുന്നത്.?

'ഞങ്ങള്‍ ദലിത് കുടുംബങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്ത ശേഷമാണ് ഇസ്‌ലാം മതം സ്വീകരിക്കാന്‍ തീരുമാനിച്ചത്. ഇസ് ലാം നമ്മളെ തുല്യരായി കാണുന്നു. ഞങ്ങള്‍ ഹിന്ദുക്കളാണെങ്കിലും എന്റെ അച്ഛനും മുത്തച്ഛനും അനാദരവ് കാണിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്, അത് തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നാഗരാജ് (മുസ്തഫ) പറഞ്ഞു.

ജാതി ആക്രമണങ്ങള്‍ തുടര്‍ക്കഥയായത് മൂലമാണ് തങ്ങള്‍ ഇസ് ലാം മതം സ്വീകരിച്ചതെന്ന് ഇസ്‌ലാം മതം സ്വീകരിക്കുന്നതിന് മുമ്പ് വൈരമുത്തു എന്ന് അറിയപ്പെട്ടിരുന്ന തമിഴ് പുലിഗല്‍ പാര്‍ട്ടിയുടെ വടക്കന്‍ തേനി സെക്രട്ടറി മുഹമ്മദ് അലി ജിന്ന പറഞ്ഞു.

മതപരിവര്‍ത്തനത്തിന് കാരണം മേഖലയിലെ ജാതി അതിക്രമങ്ങളല്ലാതെ മറ്റൊന്നുമല്ലെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ഹിന്ദുക്കളായിരുന്നിട്ടും, പ്രബല ജാതിക്കാര്‍ ഉപയോഗിച്ച അതേ വഴിയിലൂടെ നടക്കാന്‍ ഞങ്ങളെ അനുവദിച്ചിരുന്നില്ല.

'രണ്ട് കപ്പ് സമ്പ്രദായമാണ് നിലനില്‍ക്കുന്നത്. ഇപ്പോഴും പ്രബല ജാതിക്കാരുടെ മുടി വെട്ടുന്ന ക്ഷുരകര്‍ നമ്മുടെ മുടി തൊടില്ല. മുടിവെട്ടാന്‍ അടുത്തുള്ള ഗ്രാമങ്ങളില്‍ പോകണം. ദലിതര്‍ക്ക് ഇവിടെ ആത്മാഭിമാനം നഷ്ടപ്പെട്ടു'. അദ്ദേഹം ആരോപിച്ചു.

Tags:    

Similar News