കശ്മീർ ശാന്തമല്ലെന്ന് ഉദ്യോഗസ്ഥർ; ഇതിനെ സാധാരണ നിലയെന്ന് വിളിക്കരുത്

പ്രത്യേകപദവി റദ്ദാക്കിയതിന്‌ പിന്നാലെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അറുപത്തഞ്ച് ദിവസം കഴിഞ്ഞിട്ടും തുടരുകയാണ്‌. മൊബൈൽ, ഇന്റർനെറ്റ്‌ ബന്ധം പുനസ്ഥാപിച്ചിട്ടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നിട്ടില്ല.

Update: 2019-10-10 18:17 GMT

ന്യൂഡൽഹി: ജമ്മു കശ്‌മീർ ശാന്തമാണെന്ന പ്രതീതി സൃഷ്ടിക്കാനുള്ള അധികൃതരുടെ നീക്കം തിരിച്ചടിയായേക്കുമെന്ന്‌ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്‌. ഇത്തരം നീക്കം ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുമെന്നാണ്‌ സുരക്ഷാ വിഭാഗത്തിലും സർക്കാർ സർവീസിലുള്ള ഉദ്യോഗസ്ഥരുടെയും വിലയിരുത്തലെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപോർട്ട് ചെയ്യുന്നു.

പല സ്ഥലങ്ങളിലും വ്യാപാരികൾ സ്വമേധയാ കട തുറക്കാൻ തയ്യാറല്ല. സ്വന്തം നിലയ്‌ക്ക്‌ അവർ ഉപരോധം ഏർപ്പെടുത്തുന്നു. മരണവീടുകളിൽ പോലും കരച്ചിലുകളില്ല. അവഹേളനങ്ങളും അടിച്ചമർത്തലുകളും സഹിച്ച ജനക്കൂട്ടം എന്തും നേരിടാൻ തയ്യാറായത്‌ പോലെയാണ്‌ തോന്നുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ആഗസ്ത് 5 മുതൽ 11 ദിവസം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ ശ്രീനഗറിൽ ഉണ്ടായിരുന്നു. എല്ലാ ദിവസവും വൈകുന്നേരം, അന്നത്തെ സംഭവങ്ങളും അടുത്ത 24 മണിക്കൂറിനുള്ളിൽ സ്വീകരിക്കേണ്ട നടപടികളും ചർച്ച ചെയ്യാൻ അദ്ദേഹം ഒരു യോഗം ചേർന്നിട്ടുണ്ട്. തീരുമാനമെടുക്കുന്ന കാര്യങ്ങൾക്ക് ഒരു ദിവസത്തിൽ കൂടുതൽ ആയുസുണ്ടായിരുന്നില്ല. ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

പ്രത്യേകപദവി റദ്ദാക്കിയതിന്‌ പിന്നാലെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അറുപത്തഞ്ച് ദിവസം കഴിഞ്ഞിട്ടും തുടരുകയാണ്‌. മൊബൈൽ, ഇന്റർനെറ്റ്‌ ബന്ധം പുനസ്ഥാപിച്ചിട്ടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നിട്ടില്ല. പോലിസുകാരും ഉദ്യോഗസ്ഥരും കുട്ടികളെ സ്‌കൂളുകളിൽ വിടുന്നില്ല.

നൂറുകണക്കിനാളുകൾ തടവിലാണ്‌. വിനോദസഞ്ചാരികൾക്കുള്ള നിയന്ത്രണം നീക്കിയെങ്കിലും ആരും താഴ്‌വര സന്ദർശിക്കുന്നില്ല. 24ന്‌ നടക്കുന്ന ബ്ലോക്ക്‌ ഡെവലപ്‌മെന്റ്‌ കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന്‌ ബിജെപി ഒഴിച്ചുള്ള എല്ലാ പാർടികളും പ്രഖ്യാപിച്ചു. വീട്ടുതടങ്കലിലുള്ള മുൻമുഖ്യമന്ത്രി ഫറൂഖ്‌ അബ്‌ദുല്ലയെ സന്ദർശിക്കാൻ നാഷണൽ കോൺഫറൻസ്‌ നേതാക്കൾക്ക്‌ അവസരം നൽകിയെങ്കിലും ഇത്‌ ഫോട്ടോഷൂട്ട്‌ മാത്രമായി മാറി.

ക്രമസമാധാന നില നിയന്ത്രണ വിധേയമാണെന്ന്‌ മാത്രമാണ്‌ ഡിജിപി ഉൾപ്പെടെയുള്ളവർ അവകാശപ്പെടുന്നത്‌. സാഹചര്യം ശാന്തമായെന്ന്‌ അവർ അവകാശപ്പെടുന്നില്ല. നിയന്ത്രണങ്ങൾ എത്രകാലം തുടരുമെന്നതിൽ വ്യക്തതയില്ല. 

Tags:    

Similar News