അനിക ചോപ്ര ചിരിച്ചു വീഴ്ത്തിയത് 50 സൈനികരെ; ഐഎസ്‌ഐ ചോര്‍ത്തിയത് നിര്‍ണായക വിവരങ്ങള്‍

Update: 2019-01-13 14:54 GMT

ന്യൂഡല്‍ഹി: പാക് ചാരസംഘടനയായ ഐഎസ്‌ഐ അനിക ചോപ്ര എന്ന ഫേസ്ബുക്ക് പ്രൊഫൈലിലൂടെ ചോര്‍ത്തിയത് നിര്‍ണായ വിവരങ്ങളെന്ന് അന്വേഷണ സംഘം. മിലിറ്ററി നഴ്‌സിങ് കോര്‍പ്‌സിന്റെ സൈനിക ക്യാപ്റ്റന്‍ എന്നവകാശപ്പെടുന്ന അനിക ചോപ്രയുടെ വലയില്‍ വീണത് നിരവധി സൈനികരാണ്. മനംമയക്കുന്ന ചിരിയുമായി പച്ച സാരി ധരിച്ച് നില്‍ക്കുന്ന പ്രൊഫൈല്‍ പിക്ചറുമായാണ് അനിക ചോപ്രയിലൂടെ എസ്‌ഐ ഇന്ത്യന്‍ സൈനികര്‍ക്കായി വലവീശിയത്. അന്വേഷണത്തില്‍ ഇത്തരത്തിലൊരു ഒരു യുവതി സൈന്യത്തിലില്ലെന്ന് വ്യക്തമായിട്ടുണ്ട്.

പെണ്‍കെണിയാണെന്ന് അറിയാതെ ഐഎസ്‌ഐക്കായി നിര്‍ണായക വിവരങ്ങള്‍ കൈമാറിയ ഒരു സൈനികനെ രാജസ്ഥാന്‍ പോലിസ് അറസ്റ്റ് ചെയ്തു. 50 പേര്‍ നിരീക്ഷണത്തിലാണ്. രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ സൈനിക യൂണിറ്റില്‍ വിന്യസിച്ച സോംവീര്‍ സിങ് ആണ് അറസ്റ്റിലായത്.

ആയുധങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ നിര്‍ണായക രഹസ്യവിവരങ്ങള്‍ ഫേസ്ബുക്ക് ചാറ്റ് വഴി സൈനികന്‍ അനിക ചോപ്രയുമായി പങ്കുവെച്ചുവെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് അറസ്റ്റ്. പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥരും ഇക്കാര്യം സ്ഥിരീകരിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ രഹസ്യാന്വേഷണ വിഭാഗം ചോദ്യം ചെയ്തുവരികയാണ്. അന്വേഷണത്തില്‍ നിരവധി സൈനികര്‍ ഈ പ്രൊഫൈലുമായി ചങ്ങാത്തത്തിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

സൈനിക രഹസ്യാന്വേഷണ വിഭാഗത്തിനും രാജസ്ഥാന്‍ ഭീകരവിരുദ്ധ വിഭാഗത്തിനും ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിരുന്നു. തുടര്‍ന്നാണ് സൈനികനെ കസ്റ്റഡിയിലെടുത്തത്. അനിക ചോപ്ര പാകിസ്താന്റെ ഏജന്റാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. സൈനിക രഹസ്യങ്ങള്‍ അറിയുക എന്ന ലക്ഷ്യത്തോടെയാണ് യുവതി ബന്ധം സ്ഥാപിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. സോംവീര്‍ സിങ് ഏറെ നാളായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു. എന്നാല്‍ ചാരയുവതിയാണെന്ന് താന്‍ അറിഞ്ഞില്ലെന്നാണ് സോംവീര്‍ സിങ് പറയുന്നത്. സര്‍വീസില്‍ കയറിയതിന് തൊട്ടുപിന്നാലെ 2016ലാണ് സോംവീര്‍ സിങ് അനിക ചോപ്രയുമായി ഫേസ്ബുക്ക് ഫ്രന്റാവുന്നത്.

അഞ്ചുമാസത്തെ നിരീക്ഷണത്തിലൊടുവിലാണ് സോംവീര്‍ അറസ്റ്റിലാവുന്നത്. അന്വേഷണത്തില്‍ ഇങ്ങനെയൊരു വനിതാ ക്യാപ്റ്റന്‍ ഇല്ലെന്നും ഫേസ്ബുക്ക് നിയന്ത്രിക്കുന്നത് പാകിസ്താനില്‍ നിന്നാണെന്നും വ്യക്തമായതോടെയാണ് സംഭവത്തിനു പിന്നില്‍ ഐഎസ്‌ഐ ആണെന്ന് സ്ഥിരീകരിച്ചത്.വിവരങ്ങള്‍ നല്‍കിയതിന് സോംവീര്‍ സിങിന് പണം ലഭിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

Tags:    

Similar News