ചൈനയില്‍ ശക്തമായ ഭൂചലനം; മരണം 46 ആയി

റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സിചുവാന്‍ പ്രവിശ്യയിലെ കാങ്ഡിംഗ് നഗരത്തിന് തെക്ക് കിഴക്കായാണ് അനുഭവപ്പെട്ടത്.

Update: 2022-09-06 03:25 GMT

ബെയ്ജിങ്: തെക്കുപടിഞ്ഞാറന്‍ ചൈനയില്‍ തിങ്കളാഴ്ചയുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ 46 പേര്‍ മരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിദൂര മേഖലയിലുണ്ടായ ദുരന്തത്തില്‍ നിരവധി വീടുകള്‍ തകരുകയും വൈദ്യുതിബന്ധം താറുമാറാകുകയും ചെയ്തു.

റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സിചുവാന്‍ പ്രവിശ്യയിലെ കാങ്ഡിംഗ് നഗരത്തിന് തെക്ക് കിഴക്കായാണ് അനുഭവപ്പെട്ടത്. 43 കിലോമീറ്റര്‍ (26 മൈല്‍) ദൂരത്തോളം അനുഭവപ്പെട്ട ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം പത്ത് കിലോമീറ്റര്‍ ആഴത്തിലാണെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.

ഇന്നലെ ഉച്ചയ്ക്ക് 12.25ഓടെയാണ് ഭൂകമ്പമുണ്ടായത്. ഭൂമികുലുക്കം അനുഭവപ്പെട്ട ജില്ലയില്‍ നിന്ന് 39 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. പ്രവിശ്യാ തലസ്ഥാനമായ ചെംഗ്ദുവില്‍ കെട്ടിടങ്ങള്‍ കുലുങ്ങി. കൊവിഡ് ലോക്ക്ഡൗണ്‍ പ്രാബല്യത്തിലുള്ള നഗരം കൂടിയാണിത്. അതിനാല്‍ നിരവധി പേര്‍ വീടുകളില്‍ തന്നെയായിരുന്നു.

Tags: