കൊറോണ വൈറസ്: ചൈനയില്‍ മരണം 41; 14 നഗരങ്ങള്‍ അടച്ചു

അതേസമയം, ആരോഗ്യ അടിയന്താരവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍

Update: 2020-01-25 03:04 GMT

ബെയ്ജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധയില്‍ മരണപ്പെട്ടവരുടെ എണ്ണം 41 ആയി ഉയര്‍ന്നു. 29 പ്രവിശ്യകളില്‍ രോഗം റിപോര്‍ട്ട് ചെയ്യുകയും 1000ലേറെ പേര്‍ക്കു വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടു. വൈറസ് ബാധ പകരുന്നത് തടയാന്‍ ചൈന വുഹാന്‍ ഉള്‍പ്പെടെ 14 നഗരങ്ങള്‍ അടച്ചിട്ടു. മധ്യചൈനയിലെ ഹുബെയ് പ്രവിശ്യയിലെ നഗരങ്ങളിലാണ് ഗതാഗതം തടഞ്ഞത്. മരണനിരക്ക് ഇനിയും ഉരുമെന്നാണു റിപോര്‍ട്ടുകള്‍. വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാന്‍ നഗരത്തിലെയും സമീപ പട്ടണങ്ങളായ ഹുവാങ്ഗാങ്, ഇസൗവു എന്നിവിടങ്ങളിലെയും റെയില്‍വേ, വ്യോമ, ജല ഗതാഗതം സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്. ഇവിടങ്ങളിലെല്ലാം ജനങ്ങള്‍ കൂട്ടമായെത്തുന്ന തിയേറ്റര്‍, ഇന്റര്‍നെറ്റ് കഫേ, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയെല്ലാം അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തലസ്ഥാനമായ ബെയ്ജിങിലെയും പൊതുപരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്. ചൈനീസ് പുതുവര്‍ഷത്തോടനുബന്ധിച്ചുള്ള ക്ഷേത്രാഘോഷങ്ങള്‍ ഉള്‍പ്പെടെ റദ്ദാക്കിയിട്ടുണ്ട്.

    വെള്ളിയാഴ്ചക്കുള്ളില്‍ 180 പേര്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായാണു ആരോഗ്യ സമിതിയുടെ റിപോര്‍ട്ട്. ഹുബെയ് പ്രവിശ്യയില്‍ മാത്രം 752 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. അതേസമയം, ആരോഗ്യ അടിയന്താരവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. ചൈനയില്‍ സ്ഥിതി ഗുരുതരമാണെങ്കിലും ആഗോളതലത്തില്‍ അടിയന്തരസാഹചര്യമില്ലെന്നും സമിതി വിലയിരുത്തി. ഹോങ്കോങ്, മക്കാവു, തയ്‌വാന്‍, ജപ്പാന്‍, സിംഗപ്പുര്‍, ദക്ഷിണ കൊറിയ, തായ്‌ലന്‍ഡ്, വിയറ്റ്‌നാം, യുഎസ് എന്നിവിടങ്ങളില്‍ രോഗബാധ കണ്ടെത്തിയിട്ടുണ്ട്. യുകെയില്‍ മുന്‍കരുതലെന്ന നിലയില്‍ 14 പേര്‍ക്കു പരിശോധന നടത്തി. ദക്ഷിണ കൊറിയയില്‍ ഒരാള്‍ക്കു കൂടി വൈറസ് കണ്ടെത്തി. ജപ്പാനിലും ഒരാള്‍ക്കും തായ്‌ലന്‍ഡില്‍ 5 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.




Tags:    

Similar News