ഐഎസ് ബന്ധം: ഹൈദരാബാദില്‍നിന്നുള്ള മൂന്നു പേര്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് കഠിന തടവ്

2015ല്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത ഐഎസുമായി ബന്ധപ്പെട്ട ഗൂഢാലോചനകേസിലാണ് മൂന്നു പേരെ ശിക്ഷിച്ചത്.

Update: 2020-10-19 16:13 GMT

ന്യൂഡല്‍ഹി: ഐഎസ് ബന്ധമാരോപിച്ച് അറസ്റ്റിലായ ഹൈദരാബാദില്‍നിന്നുള്ള മൂന്നു പേര്‍ ഉള്‍പ്പെടെ 15 പേരെ കഠിന തടവിന് ശിക്ഷിച്ച് ന്യൂഡല്‍ഹിയിലെ എന്‍ഐഎ കോടതി. 2015ല്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത ഐഎസുമായി ബന്ധപ്പെട്ട ഗൂഢാലോചനകേസിലാണ് മൂന്നു പേരെ ശിക്ഷിച്ചത്.

മദാപൂരില്‍നിന്നുള്ള നഫീസ് ഖാന്‍ എന്ന ഫാത്തിമ ഖാന്‍ അഥവാ അബു സറാര്‍, ടോളി ചൗക്കിയില്‍നിന്നുള്ള മുഹമ്മദ് ശരീഫ് മുഈനുദ്ധീന്‍, സൈദാബാദിലെ മുഹമ്മദ് ഉബെദുള്ള എന്നിവരേയാണ് പിഴക്കൊപ്പം കഠിന തടവിനും കോടതി ശിക്ഷിച്ചത്. എന്‍ഐഎ സ്‌പെഷ്യല്‍ ജഡ്ജി പര്‍വീന്‍ സിങാണ് പ്രതികളെ ശിക്ഷിച്ച് ഉത്തരവിട്ടത്.

നഫീസ് ഖാന് 10 വര്‍ഷം കഠിന തടവും 1.03 ലക്ഷം രൂപ പിഴയും മുഈനുദ്ധീനും ഉബൈദുല്ലയ്ക്കും അഞ്ച് വര്‍ഷം കഠിന തടവും 38,000 രൂപ പിഴയുമാണ് വിധിച്ചത്.

2015 സെപ്റ്റംബര്‍ 12നാണ് എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തത്. വിവിധ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ച് ഐഎസിലേക്ക് മുസ്‌ലിം യുവാക്കളെ റിക്രൂട്ട് ചെയ്ത് ഇന്ത്യയില്‍ തങ്ങളുടെ അടിത്തറ സ്ഥാപിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. അന്വേഷണത്തിനിടെ രാജ്യത്തെ വിവിധ നഗരങ്ങളില്‍ റെയ്ഡ് നടത്തി 19 പേരേ അറസ്റ്റ് ചെയ്തിരുന്നു.

മുസ്‌ലിം യുവാക്കളെ സംഘടിപ്പിച്ച് ഐഎസിനായി പ്രവര്‍ത്തിക്കുന്നതിനും രാജ്യത്ത് സായുധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും പ്രതികള്‍ ജുനൂദുല്‍ ഖിലാഫ ഫില്‍ ഹിന്ദ് (ഇന്ത്യയില്‍ ഖിലാഫത്ത് സ്ഥാപിക്കാന്‍ ശ്രമിക്കുകയും ഐഎസിനോട് കൂറ് പുലര്‍ത്തുകയും ചെയ്യുന്നു) എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ചെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍.

Tags:    

Similar News