ജന്ദര്‍ മന്ദറില്‍ നാളെ മുതല്‍ കിസാന്‍ പാര്‍ലമെന്റ്; ഡല്‍ഹിയില്‍ പ്രതിഷേധം കനക്കും

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധിക്കുന്ന കര്‍ഷകരാണ് പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നാളെ മുതല്‍ സമരപരിപാടി ജന്ദര്‍ മന്ദറിലേക്കും വ്യാപിപ്പിക്കുന്നത്.

Update: 2021-07-21 11:08 GMT

ന്യൂഡൽഹി: പാര്‍ലമെന്റിനകത്ത് പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധച്ചൂടില്‍ നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി കര്‍ഷക പ്രതിഷേധവും ശക്തമാവുന്നു. ജന്ദര്‍ മന്ദറില്‍ നാളെ ശക്തമായ പ്രതിഷേധം നടത്താനൊരുങ്ങുകയാണ് കര്‍ഷകര്‍. നാളെ മുതല്‍ ജന്ദര്‍ മന്ദറില്‍ കിസാന്‍ പാര്‍ലമെന്റ് സംഘടിപ്പിക്കുമെന്നാണ് കര്‍ഷകരുടെ നിലപാട്.

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധിക്കുന്ന കര്‍ഷകരാണ് പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നാളെ മുതല്‍ സമരപരിപാടി ജന്ദര്‍ മന്ദറിലേക്കും വ്യാപിപ്പിക്കുന്നത്. എന്നാല്‍ പാര്‍ലമെന്റിന്നടുത്തേക്ക് പ്രതിഷേധം നീങ്ങില്ലെന്നാണ് ഡല്‍ഹി പോലിസിന് കര്‍ഷക സംഘടനകള്‍ നല്‍കിയിരിക്കുന്ന ഉറപ്പ്.

കര്‍ഷക പ്രതിഷേധം പത്തുമണി മുതല്‍ അഞ്ചുമണിവരെ നീണ്ടുനിൽക്കുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു. 200ഓളം കര്‍ഷകരാണ് ഡല്‍ഹി അതിര്‍ത്തിയിലെ സമരകേന്ദ്രത്തില്‍ നിന്ന് പ്രതിഷേധ പരിപാടികള്‍ക്കായി ജന്ദര്‍ മന്ദറില്‍ എത്തിച്ചേരുക. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അവസാനിക്കുന്നതുവരെ ജന്ദര്‍ മന്ദറിലെ പ്രതിഷേധ പരിപാടികളും തുടരുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കുകയാണ് തങ്ങളുടെ ആവശ്യമെന്ന് കര്‍ഷക സംഘടനകള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. എല്ലാ ദിവസവും കിസാന്‍ പാര്‍ലമെന്റില്‍ ഒരു സ്പീക്കറേയും ഡപ്യൂട്ടി സ്പീക്കറേയും തിരഞ്ഞെടുക്കുകയും ചെയ്യും. സമാധാനപരമായ പ്രതിഷേധപരിപാടികള്‍ മാത്രമാണ് കര്‍ഷകര്‍ ജന്ദര്‍ മന്ദറില്‍ സംഘടിപ്പിക്കുകയെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.

Similar News