പിറന്നാള്‍ ദിനത്തില്‍ ക്ഷേത്രത്തിലേക്ക് പോയ 19 കാരിയെ ബലാത്സംഗം ചെയ്ത് കൊന്നു
പോലിസ് നടത്തിയ അന്വേഷണത്തിലാണ് ഹണ്ടര്‍ റോഡിന് സമീപത്ത് നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ഹൈദരാബാദ്: പിറന്നാള്‍ ദിനത്തില്‍ ക്ഷേത്രത്തിലേക്ക് പോയ 19 കാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ബുധനാഴ്ചയാണ് സംഭവം. പിറന്നാളായതിനാല്‍ രാവിലെ ക്ഷേത്ര ദര്‍ശനത്തിന് പോയതായിരുന്നു പെണ്‍കുട്ടി. ഏറെ നേരമായിട്ടും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് ക്രൂര കൊലപാതകം പുറത്തായത്.
കുട്ടിയെ കാണാതായതോടെ രക്ഷിതാക്കള്‍ മകളുടെ മൊബൈല്‍ ഫോണിലേക്ക് നിരന്തരം ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ഫോണ്‍ സ്വിച്ച്ഓഫ് ആണെന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കുകായിരുന്നു. പോലിസ് നടത്തിയ അന്വേഷണത്തിലാണ് ഹണ്ടര്‍ റോഡിന് സമീപത്ത് നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ക്ഷേത്രത്തിലേക്ക് പോകും വഴി പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയതാകാം എന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലിസ് അറിയിച്ചു.