വള്ളിക്കുന്നത്തെ 15കാരന്റെ വധം; രണ്ട് പേര്‍ കസ്റ്റഡിയില്‍

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായി സംശയിക്കുന്ന ആര്‍എസ്എസ് പ്രവര്‍ത്തകനായ സജയ് ദത്ത് എന്നയാളുടെ അച്ഛനെയും സഹോദരനെയുമാണ് ചോദ്യം ചെയ്യാനായി വള്ളിക്കുന്നം പോലിസ് കസ്റ്റഡിയിലെടുത്തത്.ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

Update: 2021-04-15 03:45 GMT

കൊല്ലപ്പെട്ട അഭിമന്യു

ആലപ്പുഴ: ആലപ്പുഴ വള്ളിക്കുന്നത്ത് പതിനഞ്ച് വയസ്സുകാരനെ കുത്തിക്കൊന്ന സംഭവത്തില്‍ രണ്ടു പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായി സംശയിക്കുന്ന ആര്‍എസ്എസ് പ്രവര്‍ത്തകനായ സജയ് ദത്ത് എന്നയാളുടെ അച്ഛനെയും സഹോദരനെയുമാണ് ചോദ്യം ചെയ്യാനായി വള്ളിക്കുന്നം പോലിസ് കസ്റ്റഡിയിലെടുത്തത്.ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

സിപിഎം ആഹ്വാന പ്രകാരം പ്രദേശത്ത് ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. വള്ളിക്കുന്നത്ത് ഇന്നലെ രാത്രി പത്തരയോടെ ക്ഷേത്രോത്സവത്തിനിടെയാണ് പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ പടയണിവെട്ടം സ്വദേശി അഭിമന്യുവിനെ മാരാകുയങ്ങളുമായെത്തിയ സംഘം കുത്തിക്കൊന്നത്. സംഘര്‍ഷത്തില്‍ അഭിമന്യുവിനൊപ്പം ഉണ്ടായിരുന്ന മറ്റു രണ്ട് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി

മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലിസ് പറഞ്ഞു. രാത്രി പത്തരയോടെ, അഭിമന്യുവിന്റെ സഹോദരന്‍ അനന്തുവിനെ തിരഞ്ഞെത്തിയ സംഘം അഭിമന്യുവുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും സംഘര്‍ഷത്തിനിടെ അക്രമികള്‍ അഭിമന്യുവിനെ കുത്തി വീഴ്ത്തുകയുമായിരുന്നു.

പ്രാദേശിക ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ് അനന്തു. അനന്തുവും ആര്‍എസ്എസ് പ്രവര്‍ത്തകനായ സജയ് ദത്തും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് പ്രാദേശിക സിപിഎം നേതൃത്വം പറയുന്നത്.

Tags: