പൗരത്വ നിയമത്തിനെതിരേ യോജിച്ച പ്രക്ഷോഭവുമായി 100 സംഘടനകള്‍

സിഎഎയുടെയും എന്‍പിആറിന്റെയും എന്‍ആര്‍സിയുടെയും ആത്യന്തിക ലക്ഷ്യം മുസ്‌ലിം സഹോദരങ്ങളെ വര്‍ഷങ്ങളോളം അനിശ്ചിതത്വത്തിന്റെ ചുഴിയിലേക്ക് വലിച്ചെറിയുക എന്നതാണ്'. ഹര്‍ഷ് മന്ദര്‍ പറഞ്ഞു.

Update: 2020-01-01 04:20 GMT

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവക്കെതിരേ 'വി ദ പീപ്പിള്‍ ഓഫ് ഇന്ത്യ' എന്ന മുദ്രാവാക്യവുമായി യോജിച്ച പ്രക്ഷോഭത്തിനൊരുങ്ങി രാജ്യത്തെ 100 സംഘടനകള്‍. സിഎഎ, എന്‍പിആര്‍, രാജ്യവ്യാപകമായി എന്‍ആര്‍സി എന്നിവയ്‌ക്കെതിരെ പ്രതിഷേധിക്കുന്ന എല്ലാവരോടും ഒരൊറ്റ ബാനറില്‍ അണിനിരക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായി സ്വരാജ് അഭിയാന്‍ പാര്‍ട്ടിയുടെ സ്ഥാപകന്‍ യോഗേന്ദ്ര യാദവ് പറഞ്ഞു.


വി ദി പീപ്പിള്‍ ഓഫ് ഇന്ത്യ എന്നത് നമ്മുടെ ഭരണഘടനയുടെ ആദ്യത്തെ വാക്യമാണ്. അതിനേക്കാള്‍ വലുതായി മറ്റൊന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഈ മാസം തന്നെ രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് തുടക്കം കുറിക്കും. പ്രമുഖ വ്യക്തിത്വങ്ങളുടെ ജനന, മരണ വാര്‍ഷികങ്ങള്‍ അടയാളപ്പെടുത്തുന്ന സുപ്രധാന ദിവസങ്ങളിലായിരിക്കും പ്രതിഷേധങ്ങള്‍. സാവിത്രിബായ് ഫൂലെയുടെ ജന്മ വാര്‍ഷികമായ ജനുവരി മൂന്നിന് ആദ്യ പ്രക്ഷോഭം സംഘടിപ്പിക്കും.

കര്‍ഷക സംഘടനകളും ഇടത്പക്ഷ തൊഴിലാളി സംഘടനകളും ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത ജനുവരി എട്ടിനും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.

ദേശീയ യുവജന ദിനവും സ്വാമി വിവേകാനന്ദിന്റെ ജന്മവാര്‍ഷികവുമായ ജനുവരി 12 ന് രണ്ടാംഘട്ട പ്രക്ഷോഭങ്ങള്‍ നടക്കും. രോഹിത് വെമുല കൊല്ലപ്പെട്ട ദിവസമായ ജനുവരി 17 ന് സാമൂഹികനീതി ദിനമായി ആചരിക്കും. സംക്രാന്തി ദിനമായ ജനുവരി 14, 15 തീയതികളില്‍ പൗരത്വ നിയമത്തിനെതിരേ എല്ലാ സംസ്‌കാരങ്ങളിലെയും എല്ലാ ജന വിഭാഗങ്ങളേയും ഏകോപിപ്പിച്ച് പ്രക്ഷോഭം നടത്തും. ജനുവരി 26 ന് അര്‍ദ്ധരാത്രിയില്‍ പതാക ഉയര്‍ത്തുകയും മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനമായ ജനുവരി 30ന് രാജ്യവ്യാപകമായി മനുഷ്യചങ്ങല സൃഷ്ടിക്കുമെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.

അസമില്‍ എന്‍ആര്‍സി പ്രക്രിയ സാമുദായികമായിരുന്നില്ലെന്നും എല്ലാവരും ഈ പ്രക്രിയയില്‍ പങ്കാളികളായെന്നും പ്രമുഖ ആക്ടിവിസ്റ്റ് ഹര്‍ഷ് മന്ദര്‍ പറഞ്ഞു. എന്നാല്‍, എന്‍പിആര്‍ കാരണം ദേശീയ എന്‍ആര്‍സി കൂടുതല്‍ അപകടകരമാണെന്നും ഇത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പൗരന്‍മാരെ സംശയത്തോടെ വീക്ഷിക്കാന്‍ ഇടയാക്കുമെന്നും രണ്ട്തരം പൗരന്‍മാരെ സൃഷ്ടിക്കുമെന്നും ഹര്‍ഷ് മന്ദര്‍ പറഞ്ഞു.

'ഇത് വളരെ വലുതും നടപ്പിലാക്കാന്‍ കഴിയാത്തതുമായ പദ്ധതിയാണ്. സിഎഎയുടെയും എന്‍പിആറിന്റെയും എന്‍ആര്‍സിയുടെയും ആത്യന്തിക ലക്ഷ്യം മുസ്‌ലിം സഹോദരങ്ങളെ വര്‍ഷങ്ങളോളം അനിശ്ചിതത്വത്തിന്റെ ചുഴിയിലേക്ക് വലിച്ചെറിയുക എന്നതാണ്'. ഹര്‍ഷ് മന്ദര്‍ പറഞ്ഞു.

മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം തീരുമാനിക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതി രാജ്യം നിരസിച്ചതായി പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകയായ ടീസ്റ്റ സെറ്റില്‍വാദ് പറഞ്ഞു. 'ഇത് ശരിക്കും ചരിത്രപരമായ നിമിഷമാണ്. അടിയന്തരാവസ്ഥയ്ക്ക് ശേഷം ഇത്തരത്തിലുള്ള പൗരന്മാരുടെ പങ്കാളിത്തം ഞാന്‍ കണ്ടിട്ടില്ല'. അവര്‍ പറഞ്ഞു.

എന്‍ആര്‍സിക്ക് കീഴില്‍ മാത്രമേ എന്‍പിആര്‍ പൂര്‍ത്തിയാക്കാന്‍ കഴിയൂ എന്ന് മുതിര്‍ന്ന മനുഷ്യാവകാശ അഭിഭാഷകന്‍ മിഹിര്‍ ദേശായി പറഞ്ഞു. അല്ലെങ്കില്‍ സെന്‍സസ് ആക്റ്റ് പ്രകാരം സെന്‍സസ് നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

എന്‍പിആറിനും എന്‍ആര്‍സിക്കും എതിരെ പ്രമേയം കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാരുകളെ സമ്മര്‍ദ്ദത്തിലാക്കുമെന്നും പ്രക്രിയ ആരംഭിക്കുമ്പോള്‍ എന്‍പിആര്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുമെന്നും വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ് പറഞ്ഞു.

Tags:    

Similar News