അഫ്ഗാനില്‍ 10 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 900 അംഗ ഐഎസ് പ്രവര്‍ത്തകര്‍ കീഴടങ്ങിയതായി റിപോര്‍ട്ട്

സായുധ സംഘം താവളമുറപ്പിച്ച കിഴക്കന്‍ അഫ്ഗാനിലെ നങ്ഗര്‍ഹര്‍ പ്രവിശ്യയില്‍ അഫ്ഗാന്‍ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനെത്തുടര്‍ന്നായിരുന്നു കീഴടങ്ങല്‍.

Update: 2019-11-26 01:03 GMT

കാബൂള്‍: കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 900ത്തോളം വരുന്ന ഐഎസ് പ്രവര്‍ത്തകരും അവരുടെ കുടുംബാംഗങ്ങളും അഫ്ഗാനിലെ നങ്ഗര്‍ഹര്‍ പ്രവിശ്യയില്‍ അഫ്ഗാന്‍ സുരക്ഷാസേനയ്ക്ക് മുമ്പാകെ കീഴടങ്ങിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. കീഴടങ്ങിയവരില്‍ ഭൂരിപക്ഷവും പാക് പൗരന്‍മാരാണ്. സായുധ സംഘം താവളമുറപ്പിച്ച കിഴക്കന്‍ അഫ്ഗാനിലെ നങ്ഗര്‍ഹര്‍ പ്രവിശ്യയില്‍ അഫ്ഗാന്‍ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനെത്തുടര്‍ന്നായിരുന്നു കീഴടങ്ങല്‍. നവംബര്‍ 12ന് ഓപ്പറേഷന്‍ തുടങ്ങി മണിക്കൂറുകള്‍ക്കകം 13 പാക് പൗരന്‍മാരുള്‍പ്പെടെ 93 പേര്‍ കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ചു.തുടര്‍ന്ന് സംഘം ആയുധം വച്ച് കീഴടങ്ങി.

കീഴടങ്ങിയ സംഘത്തില്‍ പത്തു ഇന്ത്യക്കാരുണ്ടെന്നു ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ സ്ത്രീകളും കുട്ടികളുമുണ്ട്. ഇവരില്‍ ഭൂരിഭാഗവും കേരളത്തില്‍നിന്നു ഐഎസില്‍ ചേരാന്‍ പോയ മലയാളികളും അവരുടെ കുടുംബാംഗങ്ങളുമാണെന്നാണ് റിപോര്‍ട്ട്. എന്നാല്‍, ഇവരുടെ എണ്ണം സംബന്ധിച്ച് വ്യക്തമായ വിവരമില്ല. ഈ പത്ത് പേരെയും തലസ്ഥാനമായ കാബൂളിലേക്ക് മാറ്റിയതായാണ് റിപോര്‍ട്ട്. അഫ്ഗാന്‍ ദേശീയ സുരക്ഷാ ഏജന്‍സിയും രഹസ്യാന്വേഷണ വിഭാഗവും ഇവരെ ചോദ്യം ചെയ്തു വരികയാണ്.

ഓരോരുത്തരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഈ പ്രക്രിയ അവസാനിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്ന് അഫ്ഗാന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു. നങ്ഗര്‍ഹര്‍ പ്രവിശ്യയില്‍ സൈനിക നടപടിക്കിടെ ഇന്ത്യക്കാരായ ഐഎസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

2016ല്‍ ഐഎസില്‍ ചേരാന്‍ ഒരു ഡസനോളം പേര്‍ അഫ്ഗാനിലേക്ക് പോയതായി റിപോര്‍ട്ടുകളുണ്ടായിരുന്നു. ഇതില്‍ ചിലര്‍ ഇസ്ലാം മതത്തിലേക്ക് മാറിയ ശേഷമാണ് കുടുംബമായി അഫ്ഗാനിലേക്ക് പോയത്.

Tags:    

Similar News