അപകടസമയത്ത് ടൂറിസ്റ്റ് ബസ്സിന്റെ വേഗത 97.2 കി.മി; ടൂറിസ്റ്റ് ബസ് കോട്ടയം ആര്‍ടിഒ കരിമ്പട്ടികയില്‍പ്പെടുത്തിയത്

Update: 2022-10-06 05:38 GMT

പാലക്കാട്: വടക്കഞ്ചേരിയില്‍ ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെടുമ്പോള്‍ മണിക്കൂറില്‍ 97.2 കിലോമീറ്റര്‍ വേഗതയിലാണ് സഞ്ചരിച്ചിരുന്നതെന്ന് മോട്ടോര്‍ വാഹനവകുപ്പും ഗതാഗത മന്ത്രിയും സ്ഥിരീകരിച്ചു. അമിത വേഗതയിലെത്തിയ ബസ് കാറിനെ മറികടക്കവേയാണ് അപകടം സംഭവിച്ചത്. കോട്ടയം ആര്‍ടിഒ കരിമ്പട്ടികയില്‍പ്പെടുത്തിയതാണ് ലുമിനസ് എന്ന പേരിലുള്ള ടൂറിസ്റ്റ് ബസ്. വാഹനത്തിനെതിരേ നിലവില്‍ 3 കേസുകളുണ്ടെന്നാണ് രേഖകള്‍ പറയുന്നത്.


 കോട്ടയം ആര്‍ടിഒയുടെ കീഴിലാണ് ബസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിയമവിരുദ്ധമായി കളേര്‍ഡ് ലൈറ്റുകള്‍ മുന്നിലും അകത്തും സ്ഥാപിച്ചു, നിയമവിരുദ്ധമായി എയര്‍ ഹോണ്‍ സ്ഥാപിച്ചു. നിയമലംഘനം നടത്തി വാഹനമോടിച്ചു ഇങ്ങനെയാണ് കേസുകള്‍ എന്നാണ് മോട്ടോര്‍ വാഹന വകുപ്പ് രേഖകള്‍ പറയുന്നത്. ബ്ലാക്ക് ലിസ്റ്റില്‍ പ്പെടുത്തിയാലും സര്‍വീസ് നടത്തുന്നതിന് തടസ്സമില്ലെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് പറയുന്നത്. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കും വീഴ്ച പറ്റിയെന്ന് ഗതാഗതമന്ത്രി പറഞ്ഞു.

യാത്രയുടെ വിവരങ്ങള്‍ ഗതാഗത വകുപ്പിനെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബസ് അമിതവേഗതയിലാണെന്ന് സ്ഥലം സന്ദര്‍ശിച്ച എംവിഡി ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു. അപകടം നടന്ന സ്ഥലത്ത് മോട്ടോര്‍ വെഹിക്കിള്‍ സംഘം പരിശോധന നടത്തുകയാണ്. അപകട സമയം ചാറ്റല്‍ മഴ പെയ്തിരുന്നത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. അപകടത്തിന് കാരണം സ്‌കൂള്‍ കുട്ടികളുമായി പോയ ടൂറിസ്റ്റ് ബസ്സിന്റെ അമിതവേഗമാണെന്ന് ദൃക്‌സാക്ഷികളും പറയുന്നു.

ദൂരയാത്ര കഴിഞ്ഞാണ് ടൂറിസ്റ്റ് ബസ്സുമായി ഡ്രൈവര്‍ വീണ്ടും ഊട്ടിക്ക് വിനോദയാത്ര പോയതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഡ്രൈവര്‍ ക്ഷീണിതനായിരുന്നു. ബസ്സിന്റെ വേഗത കുറയ്ക്കണമെന്ന് ഡ്രൈവറോട് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഡ്രൈവര്‍ തയ്യാറായില്ലെന്ന് രക്ഷിതാവ് പറഞ്ഞതായി മന്ത്രി ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങളെല്ലാം അന്വേഷണ പരിധിയില്‍ വരും.

അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമിതവേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസ്സിന്റെ പിന്നിലിടിച്ച ശേഷം തലകീഴായി മറിഞ്ഞു. ഇടിച്ചയുടെ ആഘാതത്തില്‍ നിരങ്ങി നീങ്ങിയ ബസ് ചതുപ്പിലേക്ക് മറിഞ്ഞു. വരുന്ന വഴി മറ്റ് വാഹനങ്ങളേയും മറികടന്നാണ് ടൂറിസ്റ്റ് ബസ് പാഞ്ഞെത്തിയതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ കെഎസ്ആര്‍ടിസി ബസ്സിന്റെ ഒരുഭാഗം ടൂറിസ്റ്റ് ബസ്സിനുളളിലായി.

Tags:    

Similar News