'പോലിസ് സ്വകാര്യ വാട്‌സ്ആപ്പ് ചാറ്റ് ചോര്‍ത്തി': പോലിസുകാരെയും മാധ്യമങ്ങളേയും തടയണമെന്ന് ദിഷ രവി കോടതിയില്‍

ദിഷയും ഗ്രെറ്റ തുന്‍ബര്‍ഗും തമ്മിലുള്ള വാട്‌സപ്പ് ചാറ്റുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് എഫ്‌ഐആറിലെ വിവരങ്ങള്‍ ഡല്‍ഹി പോലിസ് ചോര്‍ത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ദിഷ കോടതിയെ സമീപിച്ചത്.

Update: 2021-02-18 09:13 GMT

ന്യൂഡല്‍ഹി: അന്വേഷണത്തിന്റെ ഭാഗമായി ഡല്‍ഹി പോലിസ് പിടിച്ചെടുത്ത 'അന്വേഷണ സാമഗ്രികള്‍' ചോര്‍ത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.

ദിഷയും ഗ്രെറ്റ തുന്‍ബര്‍ഗും തമ്മിലുള്ള വാട്‌സപ്പ് ചാറ്റുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് എഫ്‌ഐആറിലെ വിവരങ്ങള്‍ ഡല്‍ഹി പോലിസ് ചോര്‍ത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ദിഷ കോടതിയെ സമീപിച്ചത്.

ചില ഇംഗ്ലീഷ് മാധ്യമങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ദിഷ ആവശ്യപ്പെട്ടു. ട്രാന്‍സിറ്റ് റിമാന്‍ഡ് ഇല്ലാതെ അറസ്റ്റ് ചെയ്ത് തന്നെ കര്‍ണാടകയില്‍ നിന്ന് ദില്ലിയില്‍ എത്തിച്ചത് ഭരണഘടന അവകാശങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ ദിഷ വ്യക്തമാക്കി. എന്നാല്‍ നടപടിക്രമങ്ങള്‍ പാലിച്ചാണ് അറസ്റ്റ് ചെയ്തതെന്നാണ് ഡല്‍ഹി പോലിസ് വാദം.

രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, കലാപം നടത്താന്‍ ഉദ്ദേശിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് 22 കാരിയായ ആക്ടിവിസ്റ്റിനെ ഡല്‍ഹി പോലിസ് ഉദ്യോഗസ്ഥര്‍ ബെംഗളൂരു വീട്ടില്‍ നിന്ന് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. ഈ കേസിലെ മറ്റ് രണ്ട് പ്രതികളായ മുംബൈ ആസ്ഥാനമായുള്ള അഭിഭാഷകന്‍ നികിത ജേക്കബ്, ബീഡ് നിവാസിയായ ശാന്തനു മുലുക്ക് എന്നിവരുടെ അറസ്റ്റ് തടഞ്ഞ് മുംബൈ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

Tags: