പന്തീരാങ്കാവ് കേസ്: അലനെ മാപ്പുസാക്ഷിയാക്കാന്‍ ശ്രമിച്ചത് പ്രമുഖ ആക്ടിവിസ്റ്റ്; വെളിപ്പെടുത്തലുമായി താഹാ ഫസല്‍

Update: 2022-06-02 10:59 GMT

കോഴിക്കോട്: പന്തീരാങ്കാവ് കേസില്‍ അലന്‍ ഷുഹൈബിനെ മാപ്പുസാക്ഷിയാക്കാന്‍ ശ്രമിച്ചത് പ്രമുഖ ആക്ടിവിസ്റ്റാണെന്ന വെളിപ്പെടുത്തലുമായി താഹാ ഫസല്‍. അലന്‍- താഹ മോചനത്തിനായി രൂപീകരിച്ച സമിതിയിലുണ്ടായിരുന്ന ആക്ടിവിസ്റ്റിന്റെ പേര് പറയാതെ ഫേസ്ബുക്ക് പോസ്റ്റിലാണ് താഹാ ഫസല്‍ ആരോപണമുന്നയിച്ചിരിക്കുന്നത്. തന്നെ മാപ്പുസാക്ഷിയാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും കൂട്ടുപ്രതിയക്കെപ്പെട്ട താഹക്കെതിരേ മൊഴി നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും അലന്‍ ഷുഹൈബ് കോടതിയില്‍ പറഞ്ഞതായി റിപോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

താഹ ഫസലിനെതിരേ മൊഴി നല്‍കി മാപ്പുസാക്ഷിയാവാന്‍ താന്‍ തയ്യാറല്ലെന്നും അലന്‍ എന്‍ഐഎ കോടതിയെ അറിയിച്ചിരുന്നു. എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകനായ ആക്ടിവിസ്റ്റിനെതിരേയാണ് ആരോപണമെന്നാണ് സൂചന. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റിനെതിരേയും നേരത്തെ ഇതേ ആരോപണമുയര്‍ന്നിരുന്നു. കേസിന്റെ തുടക്കത്തില്‍ തന്നെ സെലക്ടിവിസം പ്രകടമായിരുന്നുവെന്നാണ് താഹാ ഫസല്‍ കുറിപ്പില്‍ പറയുന്നത്. തങ്ങളുടെ മോചനത്തിനു വേണ്ടി രൂപീകരിച്ച സമിതിയില്‍ തന്നെ അതുണ്ടായിരുന്നു. കേസിന്റെ ആവശ്യത്തിന് ഒരാള്‍ക്ക് മാത്രമായി സാമ്പത്തിക സഹായം ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞത് ഈ ആക്ടിവിസ്റ്റാണ്.

കേരളത്തില്‍ നിരന്തരമായി യുഎപിഎയ്‌ക്കെതിരേ ശബ്ദിക്കുന്ന ആളുകളെ സമിതിയില്‍ ഉള്‍പ്പെടുത്താനും തയ്യാറായില്ല. അത്തരത്തിലുള്ള ആളുകളാണ് അലനെ മാപ്പുസാക്ഷിയാക്കാനും മറ്റും ശ്രമിച്ച് അവന്റെ മനോനിലയെ ഇല്ലായ്മ ചെയ്തുകൊണ്ടിരുന്നത്. തന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയ സമയത്ത് ആ കാരണം പറഞ്ഞ് അലനെ എത്രമാത്രം ഉപദ്രവിച്ചുവെന്നതും കണ്ടതാണ്.

നീതി ഒരുപോലെ വിതരണം ചെയ്യാത്തിടത്ത് അനീതിയും ഒരുപോലെയായിരിക്കില്ല വിതരണം ചെയ്യപ്പെടുക എന്ന സാമാന്യബോധം ആളുകള്‍ക്ക് ഇല്ലാഞ്ഞിട്ടോ ? അതൊ ഉറക്കം നടിക്കുന്നതോ ?- താഹ ഫസല്‍ ചോദിക്കുന്നു. ഇവിടെ ഇങ്ങനെ പറയുന്നത് സെലക്ടീവായി മാത്രം പിന്തുണ നല്‍കുന്ന ജാതിയും മതവും രാഷ്ട്രീയവും നോക്കി നടക്കുന്ന വര്‍ക്കെതിരേയാണ്. ഫാഷിസം എല്ലാ മാര്‍ഗവും ഉപയോഗിച്ച് ജനങ്ങളുടെ മേല്‍ പ്രഹരിക്കുമ്പോള്‍ ഇത്തരം പ്രവണത ഇല്ലാതാക്കാന്‍ വേണ്ടി കൂടിയാണിത് പറയുന്നത്. ചെയ്തത് ശരിയായ പണിയല്ല. തെറ്റുതിരുത്തുകയാണ് വേണ്ടതെന്നും താഹ ഫേസ്ബുക്കില്‍ കുറിച്ചു.

Full View

Tags: