രക്തബന്ധമുള്ളവരുമായുള്ള വിവാഹം: കേരളം ഒഴികെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സാധാരണമെന്ന് കുടുംബാരോഗ്യ സര്‍വെ

ഈ സംസ്ഥാനങ്ങളില്‍നിന്നു സര്‍വേയില്‍ പങ്കെടുത്ത നാലില്‍ ഒന്നു സ്ത്രീകളും രക്തബന്ധമുള്ളവരെയാണ് വിവാഹം കഴിച്ചതെന്ന് ഇതു സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.

Update: 2022-08-26 12:28 GMT

ന്യൂഡല്‍ഹി: രാജ്യത്ത് രക്തബന്ധമുള്ളവരെ വിവാഹം കഴിക്കുന്നവരില്‍ കൂടുതല്‍ കേരളം ഒഴികെയുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെന്ന് ദേശീയ കുടുംബ ആരോഗ്യ സര്‍വേ. ഈ സംസ്ഥാനങ്ങളില്‍നിന്നു സര്‍വേയില്‍ പങ്കെടുത്ത നാലില്‍ ഒന്നു സ്ത്രീകളും രക്തബന്ധമുള്ളവരെയാണ് വിവാഹം കഴിച്ചതെന്ന് ഇതു സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.

മുപ്പതു ശതമാനം സ്ത്രീകളും ഏതെങ്കിലും വിധത്തില്‍ ബന്ധമുള്ള പുരുഷന്മാരെയാണ് വിവാഹം കഴിച്ചത്. ഇതില്‍തന്നെ പതിനൊന്നു ശതമാനം പേര്‍ രക്തബന്ധമുള്ളവരെയാണ് വിവാഹം ചെയ്തത്. പ്രായമുള്ളവരെ അപേക്ഷിച്ച് ചെറുപ്പക്കാരാണ് ബന്ധുക്കളെ വിവാഹം കഴിച്ചവരില്‍ കൂടുതല്‍. അടുത്ത കാലത്തായി ഈ പ്രവണ കൂടിവരുന്നതായാണ് ഇതു വ്യക്തമാക്കുന്നതെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു.

തമിഴ്‌നാട്ടില്‍ 28 ശതമാനമാണ് രക്തബന്ധമുള്ളവര്‍ക്കിടയിലെ വിവാഹം. കര്‍ണാടകയില്‍ ഇത് 27 ശതമാനമാണ്. ആന്ധ്രയില്‍ 26 ശതമാനവും പുതുച്ചേരിയില്‍ 19 ശതമാനവും രക്തബന്ധമുള്ളവരെ വിവാഹം കഴിക്കുന്നു. തെലങ്കാനയില്‍ ഇത് 18 ശതമാനമാണ്.  രാജ്യത്തിന്റെ ഇതര ഭാഗങ്ങളില്‍ ഇതു താരതമ്യേന കുറവാണ്. ലഡാക്കില്‍ 16 ശമതാനം, മഹാരാഷ്ട്രയില്‍ 15, ഒഡിഷയില്‍ 13, കശ്മീരീല്‍ 12, യുപിയില്‍ 10 എന്നിങ്ങനെയാണ് കണക്കുകള്‍. മുസ്ലിം, ബുദ്ധ കുടുംബങ്ങളിലാണ് രക്തബന്ധമുള്ളവര്‍ തമ്മിലുള്ള വിവാഹം കൂടുതലെന്നു സര്‍വേ വ്യക്തമാക്കുന്നു.

Tags: