ചാരവൃത്തി: ഇറാനില്‍ സ്വീഡിഷ് പൗരന്‍ അറസ്റ്റില്‍

അറസ്റ്റിലായ വ്യക്തിയുടെ യാത്രകള്‍ രാജ്യത്ത് പ്രവേശിച്ചത് മുതല്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവെന്നും അദ്ദേഹത്തിന്റെ യാത്രകള്‍ 'വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കും സമ്പ്രദായങ്ങള്‍ക്കും പുറത്തായിരുന്നു' എന്നും ഇറാനിയന്‍ രഹസ്യാന്വേഷണ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

Update: 2022-07-31 05:11 GMT

തെഹ്‌റാന്‍: ചാരവൃത്തിയുമായി ബന്ധപ്പെട്ട് കുറച്ചുകാലമായി നിരീക്ഷണത്തിലായിരുന്ന സ്വീഡിഷ് പൗരനെ അറസ്റ്റ് ചെയ്തതായി ഇറാന്‍ രഹസ്യാന്വേഷണ മന്ത്രാലയം അറിയിച്ചു. ഇയാളുടെ വിശദാംശങ്ങള്‍ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.

മെയ് മാസത്തില്‍ സ്വീഡിഷ് വിദേശകാര്യ മന്ത്രാലയം അറസ്റ്റ് പ്രഖ്യാപിച്ച അതേ വ്യക്തിയാണോ ഇതെന്നും വ്യക്തമല്ല. 30 വയസ്സുള്ള ഒരു വിനോദസഞ്ചാരിയെ അറസ്റ്റ് ചെയ്തതായി സ്വീഡന്‍ അന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇറാന്‍ അറസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അറസ്റ്റിലായ വ്യക്തിയുടെ യാത്രകള്‍ രാജ്യത്ത് പ്രവേശിച്ചത് മുതല്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവെന്നും അദ്ദേഹത്തിന്റെ യാത്രകള്‍ 'വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കും സമ്പ്രദായങ്ങള്‍ക്കും പുറത്തായിരുന്നു' എന്നും ഇറാനിയന്‍ രഹസ്യാന്വേഷണ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

അറസ്റ്റിലായ വ്യക്തിക്ക് ഇറാന്റെ മുഖ്യ ശത്രുവായ ഇസ്രായേലിലേക്ക് യാത്ര ചെയ്ത ചരിത്രമുണ്ടെന്ന് ഇറാന്‍ രഹസ്യാന്വേഷണ മന്ത്രാലയം അറിയിച്ചു.

മെയ് മാസത്തില്‍, അധ്യാപകരുടെ പ്രതിഷേധം സംഘടിപ്പിക്കാന്‍ സഹായിച്ചതിന് രണ്ട് ഫ്രഞ്ച് പൗരന്മാരെ ഇറാനിയന്‍ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തിരുന്നു.ഇസ്രയേലിന്റെ മൊസാദ് ചാര ഏജന്‍സിക്ക് വേണ്ടി പ്രവര്‍ത്തിച്ചുവെന്ന് ആരോപിക്കപ്പെടുന്ന രണ്ട് വ്യത്യസ്ത സംഘങ്ങളെ അറസ്റ്റ് ചെയ്തതായി ഇറാന്‍ രഹസ്യാന്വേഷണ ഏജന്‍സികളും നിയമ നിര്‍വ്വഹണ ഏജന്‍സികളും കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.

Tags:    

Similar News