2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ തിരിച്ചെത്തില്ല; കേന്ദ്രത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി മമതാ ബാനര്‍ജി

Update: 2022-06-01 15:57 GMT

കൊല്‍ക്കത്ത: ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത്. പ്രതിപക്ഷ നേതാക്കളെ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്നത് പരാമര്‍ശിച്ചായിരുന്നു മമതയുടെ പ്രതികരണം. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ തിരിച്ചെത്തില്ലെന്ന് മമത പറഞ്ഞു. 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ തന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് പോരാടുമെന്നും അവര്‍ വ്യക്തമാക്കി. പുരുലിയയിലെ മണ്ണും ബംഗാളിലെ മണ്ണും തനിക്ക് ജനങ്ങള്‍ക്കുവേണ്ടി പോരാടാനുള്ള കരുത്ത് നല്‍കി. താന്‍ ആരെയും ഭയപ്പെടുന്നില്ല.

ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാന്‍ തന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് പോരാടും. വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും രാഷ്ട്രീയത്തിന് ഇന്ത്യയില്‍ പ്രവേശനമുണ്ടാവില്ല- പുരുലിയയില്‍ നടന്ന അഡ്മിനിസ്‌ട്രേറ്റീവ് യോഗത്തില്‍ സംസാരിക്കവെ മമത പറഞ്ഞു. ബിജെപി സര്‍ക്കാരിനെ ഓര്‍ക്കുക, 2024 ല്‍ നിങ്ങള്‍ എത്ര ശ്രമിച്ചാലും വിജയിക്കില്ല. പ്രവേശനമില്ല എന്നതിനര്‍ഥം നിങ്ങള്‍ക്ക് പ്രവേശിക്കാന്‍ കഴിയില്ല എന്നാണ്. 2024ല്‍ ബിജെപിക്ക് പ്രവേശനമില്ല എന്നാണ് ഇപ്പോള്‍ മുതല്‍ ജനങ്ങള്‍ പറയുന്നത്. രാഷ്ട്രീയ എതിരാളികള്‍ക്കെതിരേ കേന്ദ്രസര്‍ക്കാര്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണ്.

പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഭരണം തടസ്സപ്പെടുത്താന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കണം. അഴിമതിയില്‍ മുങ്ങിനില്‍ക്കുന്ന ബിജെപി നേതാക്കളുടെ കാര്യമോ ? നോട്ട് നിരോധനത്തിനുശേഷം500 രൂപയുടെ വ്യാജ നോട്ടുകള്‍ കണ്ടെത്തിയതിനെക്കുറിച്ച് ? പ്രതികരിക്കാന്‍ ശ്രദ്ധിക്കുക, മിസ്റ്റര്‍ തിരക്കുള്ള പ്രധാനമന്ത്രി ?- മമത ട്വീറ്റ് ചെയ്തു.

നോട്ട് നിരോധനത്തിനുശേഷം ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ജനങ്ങളുടെ ജീവിതം കൊണ്ടാണ് കളിക്കുന്നത്. എല്ലാ ഇന്ത്യക്കാരുടെയും ജീവിതം പൂര്‍ണമായും തകര്‍ത്തു. ഒരു കൂട്ടം വ്യാജ വാഗ്ദാനങ്ങളുമായി അവര്‍ യാത്ര ആരംഭിച്ചു. ഈ യാത്ര 8 വര്‍ഷത്തെ പരാജയപ്പെട്ട പരീക്ഷണങ്ങളല്ലാതെ മറ്റൊന്നുമല്ല- മമത കുറ്റപ്പെടുത്തി. 2024ലെ തിരഞ്ഞെടുപ്പില്‍ എല്ലാ പ്രാദേശിക പാര്‍ട്ടികളും ചേര്‍ന്ന് ബിജെപിക്കെതിരേ ഒറ്റക്കെട്ടായി പോരാടണമെന്ന് അവര്‍ ആഹ്വാനം ചെയ്തു.

Tags: