അഞ്ചരക്കണ്ടി എസ്ഡിപിഐ ഓഫിസ് ആക്രമണം: നാല് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Update: 2022-07-01 14:38 GMT

അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി ടൗണിലെ എസ്ഡിപിഐ വേങ്ങാട് പഞ്ചായത്ത് കമ്മിറ്റി ഓഫിസ് ആക്രമിച്ച സംഭവത്തില്‍ നാല് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു. അഞ്ചരക്കണ്ടി എക്കാല്‍ സ്വദേശികളും സിപിഎം പ്രവര്‍ത്തകരുമായ ഷിഖില്‍, പ്രണവ്, അശ്വന്ത്, കെ വി പ്രജിന്‍ എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് എസ് ഡിപിഐ ഓഫിസിന് നേരേ ആക്രമണമുണ്ടായത്. പൂട്ടുപൊളിച്ച് അകത്ത് കയറിയ അക്രമികള്‍ ഫര്‍ണിച്ചറുകളും കസേരകളും തല്ലിത്തകര്‍ക്കുകയും ഫഌക്‌സ് ബോര്‍ഡുകളും മറ്റും കീറി നശിപ്പിക്കുകയും ചെയ്യുകയായിരുന്നു. അഞ്ചരക്കണ്ടി ഒട്ടോസ്റ്റാന്‍ഡിന് സമീപത്തെ കൊടിമരം പിഴുതെറിയുകയും ചെയ്തു.


 അക്രമം നടത്തിയ പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ വേങ്ങാട് പഞ്ചായത്ത് കമ്മിറ്റി കൂത്തുപറമ്പ് പോലിസില്‍ പരാതി നല്‍കിയിരുന്നു. എസ് ഡിപിഐ വേങ്ങാട് പഞ്ചായത്ത് കമ്മിറ്റി ഓഫിസ് അക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ അഞ്ചരക്കണ്ടി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. സമാധാനം നിലകൊള്ളുന്ന അഞ്ചരക്കണ്ടി പ്രദേശത്തെ അശാന്തിയിലേക്ക് നയിക്കാന്‍ ശ്രമിക്കുന്ന സാമൂഹികദ്രോഹികളെ ജനങ്ങള്‍ തിരിച്ചറിയണമെന്നും അവരെ ഒറ്റപ്പെടുത്തണമെന്നും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നും എസ്ഡിപിഐ വേങ്ങാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.


 പ്രതിഷേധ പ്രകടനത്തിന് എസ്ഡിപിഐ വേങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് നിസാം പുത്തലത്ത്, സെക്രട്ടറി സൈഫുദ്ദീന്‍, നൗഫല്‍, ഹാരിസ് എന്നിവര്‍ നേതൃത്വം നല്‍കി. സമാധാനന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് മനപ്പൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമം അപലപനീയമാണെന്ന് എസ് ഡിപിഐ വേങ്ങാട് പഞ്ചായത്ത് കമ്മിറ്റി കുറ്റപ്പെടുത്തി. ഇത്തരം ശക്തികള്‍ക്കെതിരേ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും എസ് ഡിപിഐ മുന്നറിയിപ്പ് നല്‍കി.

Tags:    

Similar News