യുവേഫ ചാംപ്യന്‍സ് ലീഗ്; ജയം തുടര്‍ന്ന് റയല്‍ മാഡ്രിഡ്, ഹാട്രിക്കുമായി എംബാപ്പെ
ലിവര്‍പൂളിനു തോല്‍വി. ബയേണ്‍, അത്‌ലറ്റികോ, ഇന്റര്‍ മിലാന്‍, ചെല്‍സി ടീമുകള്‍ക്ക് ജയം. ഇന്നു രാത്രി 12.30ന് ബാഴ്‌സലോണ പിഎസ്ജിയെയും നേരിടും
അസ്താന: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ രണ്ടാം മല്‍സരത്തിലും ജയം തുടര്‍ന്ന് റയല്‍ മാഡ്രിഡ്. കസാഖിസ്ഥാന്‍ ക്ലബ് കൈറാറ്റിനെ എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്ക് തകര്‍ത്താണ് റയലിന്റെ ജയം. എംബാപ്പെയുടെ ഹാട്രിക്കാണ് റയലിന് വമ്പന്‍ ജയം സമ്മാനിച്ചത്. സീസണില്‍ 15 മത്തെ ഗോള്‍ നേടിയ ഫ്രഞ്ച് താരം ചാംപ്യന്‍സ് ലീഗില്‍ 60 ഗോളുകളെന്ന നേട്ടത്തിലെത്തി. ചാംപ്യന്‍സ് ലീഗില്‍ കിലിയന്‍ എംബാപ്പെയുടെ നാലാം ഹാട്രിക്കാണിത്.
ചാംപ്യന്‍സ് ലീഗിലെ മറ്റൊരു മല്‍സരത്തില്‍ ഇന്റര്‍ മിലാന്‍ സ്ലാവിയ പ്രാഹയെ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ലൗറ്റാറോ മാര്‍ട്ടിനെസിന്റെ ഇരട്ടഗോളും ഡുംഫ്രീസിന്റെ ഒരുഗോളുമാണ് ഇന്ററിനു ജയം സമ്മാനിച്ചത്.
മറ്റൊരു മല്‍സരത്തില്‍ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ബെന്‍ഫിക്കന്‍ താരത്തിന്റെ സെല്‍ഫ്‌ഗോളില്‍ ചെല്‍സി ചാംപ്യന്‍സ് ലീഗ് സീസണിലെ ആദ്യജയം സ്വന്തമാക്കി.
അതേസമയം ലിവര്‍പൂള്‍ തുര്‍ക്കിഷ് ക്ലബ്ബ് ഗലാറ്റസറായോട് ഒരുഗോളിന് തോറ്റു. 16 മത്തെ മിനിറ്റില്‍ വിക്റ്റര്‍ ഒസിമെന്‍ നേടിയ പെനാല്‍റ്റി ഗോളിലാണ് ചെമ്പടയുടെ തോല്‍വി.
സൈപ്രസ് ക്ലബ്ബായ പഫോസിനെ ഒന്നിനെതിരേ അഞ്ചുഗോളുകള്‍ക്ക് തകര്‍ത്ത് ബയേണ്‍ ചാംപ്യന്‍സ് ലീഗ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. ഇംഗ്ലീഷ് താരം ഹാരി കെയിന്‍ ഇരട്ടഗോള്‍ നേടിയപ്പോള്‍ ശേഷിക്കുന്ന ഗോളുകള്‍ ഗെരേറോയും നിക്കോളാസ് ജാക്‌സണും മൈക്കിള്‍ ഒലീസെയും കണ്ടെത്തി.
അത്‌ലെറ്റിക്കോ മാഡ്രിഡ് ജര്‍മന്‍ ടീമായ ഫ്രാങ്ക്‌ഫെര്‍ട്ടിനെ ഒന്നിനെതിരേ അഞ്ചുഗോളുകള്‍ക്ക് തോല്‍പ്പിച്ച് ചാംപ്യന്‍സ് ലീഗ് സീസണിലെ ആദ്യ ജയം സ്വന്തമാക്കി.
സ്വന്തം മൈതാനത്ത് റയലിനെ നേരിട്ട ചാംപ്യന്‍സ് ലീഗിലെ പുതുമുഖങ്ങളായ കൈറാറ്റിന് അധിക സമയം പിടിച്ചു നില്‍ക്കാനായില്ല. 25 മത്തെ മിനിറ്റില്‍ ഫ്രാന്‍കോയെ എതിര്‍ ഗോള്‍ കീപ്പര്‍ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍ട്ടി ഗോളാക്കിയാണ് എംബാപ്പെ ഗോള്‍വേട്ടക്ക് തുടക്കം കുറിച്ചത്. ആദ്യ പകുതിയില്‍ റയല്‍ ഒരുഗോളേ നേടിയതൊള്ളൂ.
രണ്ടാം പകുതിയില്‍ 52 മത്തെ മിനിറ്റില്‍ കോര്‍ട്ടോയുടെ പാസില്‍ നിന്നു എംബാപ്പെ തന്റെ രണ്ടാം ഗോള്‍ കണ്ടെത്തി. 73 മത്തെ മിനിറ്റില്‍ ആര്‍ദ ഗൂലറുടെ പാസില്‍ നിന്നു നേടിയ ഗോളിലൂടെ എംബാപ്പെ ഹാട്രിക്ക് പൂര്‍ത്തിയാക്കി. 83 മത്തെ മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ റോഡ്രിഗോയുടെ പാസില്‍ നിന്നു മറ്റൊരു പകരക്കാരന്‍ കാമവിങ റയലിന്റെ നാലാം ഗോള്‍ നേടി. 93 മത്തെ മിനിറ്റില്‍ വീണ്ടും പകരക്കാര്‍ ഒരുമിച്ചപ്പോള്‍ ഗാര്‍ഷ്യയുടെ പാസില്‍ നിന്നു ബ്രാഹിം ഡിയാസ് റയലിന്റെ ജയം പൂര്‍ത്തിയാക്കി.
ഇന്നു രാത്രി 12.30ന് നടക്കുന്ന മല്‍സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി മൊണാക്കോയെ നേരിടും. ആഴ്‌സനല്‍ ഒളിംപ്യാക്കോസിനെയും, ബാഴ്‌സലോണ പിഎസ്ജിയെയും നേരിടും.

