ഇറ്റലി ഖത്തര്‍ ലോകകപ്പിനും ഇല്ല; നോര്‍ത്ത് മാസിഡോണിയ അട്ടിമറിച്ചു

അല്‍ ഫയ്ക്ക് വേണ്ടി കളിക്കുന്ന അലക്‌സാണ്ടര്‍ ട്രജകോവസ്‌കിയാണ് ടീമിന്റെ വിജയഗോള്‍ നേടിയത്.

Update: 2022-03-25 00:09 GMT


റോം: 2018 റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടാനാവാത്ത ഇറ്റലി ഖത്തര്‍ ലോകകപ്പിനും ഇല്ല.ഇന്ന് നടന്ന പ്ലേ ലോകകപ്പ് ഓഫ് സെമിയില്‍ ലോക റാങ്കിങില്‍ 66ാം സ്ഥാനത്തുള്ള നോര്‍ത്ത് മാസിഡോണിയയാണ് അസൂരികളുടെ സ്വപ്‌നം തടഞ്ഞത്. ജയത്തോടെ അവര്‍ പ്ലേ ഓഫ് ഫൈനലിന് യോഗ്യത നേടി. ഏക ഗോളിനാണ് യൂറോ ജേതാക്കളുടെ പുറത്താവല്‍. മാസിഡോണിയെ അനായാസം മറികടന്ന് പ്ലേ ഓഫ് ഫൈനലില്‍ ഇറ്റലി കയറുമെന്ന് പ്രതീക്ഷച്ച ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് മാസിഡോണിയയുടെ ഉദയം. അവസാന നിമിഷം വരെ ഗോള്‍ രഹിത സമനിലയില്‍ പോയ മല്‍സരത്തിന്റെ ഇഞ്ചുറി ടൈമിലാണ് മാസിഡോണിയയെ ഭാഗ്യം തുണച്ചത്. ഇഞ്ചുറി ടൈമില്‍ സൗദി അറേബ്യന്‍ ക്ലബ്ബ് അല്‍ ഫയ്ക്ക് വേണ്ടി കളിക്കുന്ന അലക്‌സാണ്ടര്‍ ട്രജകോവസ്‌കിയാണ് ടീമിന്റെ വിജയഗോള്‍ നേടിയത്.



യോഗ്യത റൗണ്ടില്‍ മാസിഡോണിയ ജര്‍മ്മനിയെയും അട്ടിമറിച്ചിരുന്നു. ഫുട്‌ബോള്‍ ലോകം കണ്ട ഏറ്റവും വലിയ അട്ടിമറികളില്‍ ഒന്നാണ്. നിരവധി ഗോള്‍വസരങ്ങള്‍ ഇറ്റലിക്ക് ലഭിച്ചിരുന്നുവെങ്കിലും ഭാഗ്യം ഇന്ന് മാസിഡോണിയ്‌ക്കൊപ്പമായിരുന്നു. 29ന് നടക്കുന്ന പ്ലേ ഓഫ് ഫൈനലില്‍ പോര്‍ച്ചുഗലാണ് മാസിഡോണിയയുടെ എതിരാളി.




Tags: