അഗ്വേറയ്ക്ക് ഹാട്രിക്, ചെല്‍സിയെ 6-0ത്തിന് തകര്‍ത്തു
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സിറ്റിക്കായി ഏറ്റവും കൂടുതല്‍ ഹാട്രിക്ക് നേടിയ അലന് ഷെയറിന്റെ റെക്കോഡിനൊപ്പമെത്താന്‍ അഗ്വേറയ്ക്ക് കഴിഞ്ഞു
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തന്റെ 11ാമത്തെ ഹാട്രിക്കിനൊപ്പം ടീമിന് ചെല്‍സിക്കെതിരേ 6-0ത്തിന്റെ ജയം നല്കി സെര്‍ജിയോ അഗ്വേറ. ഇത്തിഹാദ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ കരുത്തരായ ചെല്‍സിയെ നിലംപരിശാക്കിയാണ് മാഞ്ചസ്റ്റര്‍ സിറ്റി ലീഗില്‍ ഒന്നാം സ്ഥാനത്തെത്തിയത്. കളി തുടങ്ങി നാലാം മിനിറ്റില്‍ തന്നെ റഹീം സ്റ്റെര്‍ലിങ് സിറ്റിയുടെ ആദ്യ ഗോള്‍ നേടി. തുടര്‍ന്ന് 13ാം മിനിറ്റില്‍ അഗ്വേറ ലീഡ് രണ്ടാക്കി. അഞ്ചുമിനിറ്റിനു ശേഷം അഗ്വേറ തന്റെ രണ്ടാം ഗോളും നേടി. 25ാം മിനിറ്റില്‍ ഗുന്‍ഡോഗന്റെ വകയായിരുന്നു നാലാം ഗോള്‍. 56ാം മിനിറ്റില്‍ പെനാല്‍റ്റി ബോക്സിനടുത്ത വച്ചുള്ള ഉഗ്രന്‍ ഷോട്ട് ഗോളാക്കി അഗ്വേറ തന്റെ ഹാട്രിക് തികച്ചു. ഗോളടിക്കു തുടക്കമിട്ട സ്റ്റെര്‍ലിങ് തന്റെ രണ്ടാമത്തെ ഗോള്‍ 80ാം മിനിറ്റില്‍ അടിച്ച് ടീമിന്റെ ജയം 6-0ത്തിലേക്ക് ഉയര്‍ത്തി. ചരിത്രത്തിലെ രണ്ടാമത്തെ വലിയ തോല്‍വിക്കാണ് ചെല്‍സി സാക്ഷ്യം വഹിച്ചത്. ഇതിനുമുമ്പ് 1991ല്‍ നോട്ടിങ്ഹാമിനെതിരേ നടന്ന മല്‍സരത്തില്‍ ടീം 7-0ത്തിന്റെ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ഹാട്രിക് നേടിയ അഗ്വേറ ഇന്നലെ രണ്ട് റെക്കോഡുകള്‍ സ്വന്തമാക്കി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സിറ്റിക്കായി ഏറ്റവും കൂടുതല്‍ ഹാട്രിക്ക് നേടിയ അലന് ഷെയറിന്റെ റെക്കോഡിനൊപ്പമെത്താന്‍ അഗ്വേറയ്ക്ക് കഴിഞ്ഞു. കൂടാതെ തുടര്‍ച്ചയായി രണ്ട് മല്‍സരത്തില്‍ ഹാട്രിക് എന്ന റെക്കോഡും അര്‍ജന്റൈന്‍ സ്ട്രൈക്കര്‍ കരസ്ഥമാക്കി. മറ്റൊരു മല്‍സരത്തില്‍ ലെസ്റ്ററിനെ 3-1ന് ടോട്ടണ്‍ഹാം തോല്‍പ്പിച്ചു. ലിവര്‍പൂള്‍, ടോട്ടന്‍ ഹാം, മാഞ്ചസ്റ്റര്‍ യൂനൈറ്റഡ്, ആഴ്സണല്‍, ചെല്‍സി എന്നിവരാണ് ലീഗില്‍ രണ്ട് മുതല്‍ ആറുവരെ സ്ഥാനങ്ങളില്‍.