ന്യൂസിലന്റിനെതിരായ ഏകദിന പരമ്പര ഇന്ത്യ നേടി

അഞ്ച് ഏകദിനങ്ങളടങ്ങിയ മല്‍സരത്തിലെ രണ്ടു മല്‍സരങ്ങള്‍ ശേഷിക്കെയാണ് ഇന്ത്യയുടെ പരമ്പര വിജയം

Update: 2019-01-28 11:42 GMT

വെല്ലിങ്ടണ്‍: ഓസ്‌ട്രേലിയയില്‍ ടെസ്റ്റ്-എകദിന പരമ്പരകള്‍ സ്വന്തമാക്കിയതിനു പിന്നാലെ ന്യൂസിലന്റിനെതിരായ ഏകദിന പരമ്പരയും ഇന്ത്യ നേടി. മൂന്നാം ഏകദിനത്തില്‍ കിവികളെ ഏഴുവിക്കറ്റിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. 244 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 43ാം ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യംകണ്ടു. അഞ്ച് ഏകദിനങ്ങളടങ്ങിയ മല്‍സരത്തിലെ രണ്ടു മല്‍സരങ്ങള്‍ ശേഷിക്കെയാണ് ഇന്ത്യയുടെ പരമ്പര വിജയം. ഓപണര്‍മാരായ രോഹിത് ശര്‍മ(62), വിരാട് കോഹ്‌ലി(60), അമ്പാടി നായിഡു(40*), ദിനേശ് കാര്‍ത്തിക്(38) എന്നിവര്‍ മികച്ച ബാറ്റിങ് കാഴ്ചവച്ചപ്പോള്‍ ഇന്ത്യന്‍ വിജയം അനായാസമായി. മറുപടി ബാറ്റിങില്‍ ആദ്യം ഇന്ത്യക്ക് ശിഖര്‍ ധവാനെ നഷ്ടപ്പെട്ടു. സ്‌കോര്‍ 39ല്‍ എത്തിനില്‍ക്കെയാണ് 28 റണ്‍സെടുത്ത ധവാന്‍ പുറത്തായത്. രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ രോഹിത്തും കോഹ്‌ലിയും ചേര്‍ന്ന് 113 റണ്‍സെടുത്തു. രോഹിത്തിന്റെ വിക്കറ്റ് സാന്റ്‌നെറിനും കോഹ്‌ലിയുടേത് ബൗള്‍ട്ട് നിക്കോള്‍സിനുമായിരുന്നു. റായിഡുവും കാര്‍ത്തിക്കും പുറത്താവാതെ 77 റണ്‍സിന്റെ കൂട്ടുകെട്ടിലൂടെ ഇന്ത്യയ്ക്കു ജയവും പരമ്പരയും സമ്മാനിച്ചു. നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലന്റ് 49 ഓവറില്‍ 243 റണ്‍സിന് പുറത്തായി. ഇന്ത്യന്‍ പേസര്‍മാര്‍ തലങ്ങും വിലങ്ങും ആക്രമിച്ചപ്പോള്‍ കൂറ്റന്‍ റണ്‍സ് എന്ന ലക്ഷ്യം കിവികള്‍ക്ക് അന്യമായി. മുഹമ്മദ് ഷമി മൂന്നും പാണ്ഡ്യ, ചാഹല്‍, ഭുവനേശ്വര്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി. ന്യൂസിലന്റ് നിരയില്‍ റോസ് ടെയ്‌ലര്‍ 93 റണ്‍സെടുത്ത് മികച്ച ബാറ്റിങ് കാഴ്ചവച്ചു. ടെയ്‌ലറുടെ വിക്കറ്റ് ഷമിക്കാണ്. വിക്കറ്റ് കീപ്പര്‍ ടോം ലത്താം 51 റണ്‍സെടുത്തു. ബൗളിങ് നിരയില്‍ ട്രന്റ് ബോള്‍ട്ട് രണ്ടുവിക്കറ്റ് നേടി.




Tags:    

Similar News