ഇന്ത്യന്‍ പര്യടനം: ഇംഗ്ലണ്ട് ലയണ്‍സ് ക്രിക്കറ്റ് ടീം 13ന് കേരളത്തിലെത്തും

ഏകദിന മല്‍സരങ്ങള്‍ 23, 25, 27, 29, 31 തീയതികളില്‍ കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബിലും ചതുര്‍ദിന മല്‍സരം ഫെബ്രുവരി ഏഴു മുതല്‍ 10 വരെ വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിലും നടക്കും.

Update: 2019-01-11 13:17 GMT

തിരുവനന്തപുരം: ഇന്ത്യന്‍ പര്യടനത്തിനെത്തുന്ന ഇംഗ്ലണ്ട് ലയണ്‍സ് ക്രിക്കറ്റ് ടീം 13ന് കേരളത്തിലെത്തും. ഇന്ത്യ എ ടീമുമായി ഈമാസം 23നു തുടങ്ങുന്ന അഞ്ച് ഏകദിന മല്‍സരങ്ങള്‍ക്കായാണ് ടീം തിരുവനന്തപുരത്തെത്തുന്നത്. ഏകദിന മല്‍സരങ്ങള്‍ 23, 25, 27, 29, 31 തീയതികളില്‍ കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബിലും ചതുര്‍ദിന മല്‍സരം ഫെബ്രുവരി ഏഴു മുതല്‍ 10 വരെ വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിലും നടക്കും. തല്‍സമയ സംപ്രേക്ഷണം ഉണ്ടായിരിക്കില്ല. ഏകദിന മത്സരങ്ങള്‍ രാവിലെ 9ന് ആരംഭിക്കും.

ഇംഗ്ലണ്ട് ലയണ്‍സ് ടീം 14 മുതല്‍ 17 വരെ തിരുവനന്തപുരം കെസിഎ സെന്റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടില്‍ പരിശീലനം നടത്തും. 18, 20 തീയതികളില്‍ ഇംഗ്ലണ്ട് ലയണ്‍സ് ടീമും ബോര്‍ഡ് പ്രസിഡന്‍സ് ഇലവനും തമ്മിലുള്ള വാം അപ്പ് മാച്ചുകളും സെന്റ് സേവ്യേഴ്സ് ഗ്രൗണ്ടില്‍ നടക്കും. 20ന് ഇന്ത്യ എ ടീം തിരുവനന്തപുരത്തെത്തും. 21ന് ഇന്ത്യ എ ടീമിന്റെ പരിശീലനം സെന്റ് സേവ്യേഴ്സിലും 22ന് ഇന്ത്യ എ ടീമിന്റെയും ഇംഗ്ലണ്ട് ലയണ്‍സിന്റെയും പരിശീലനം സ്പോര്‍ട്സ് ഹബ്ബിലും നടക്കും.

ചതുര്‍ദിന മല്‍സരത്തിനുള്ള ഇരു ടീമുകളുടെയും പരിശീലനം ഫെബ്രുവരി രണ്ടിനും വാം അപ്പ് മാച്ചുകള്‍ 3,4 തീയതികളിലും സെന്റ് സേവ്യേഴ്സ് ഗ്രൗണ്ടില്‍ നടക്കും. അഞ്ചിന് കോഴിക്കോടിന് പുറപ്പെടുന്ന ഇംഗ്ലണ്ട് ലയണ്‍സ് ടീം ആറിന് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ പരിശീലനം നടത്തും. പൊതുജനങ്ങള്‍ക്ക് സൗജന്യമായി മല്‍സരം കാണാനാവുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. മല്‍സരം കാണാനെത്തുന്നവര്‍ക്ക് ഒന്നാം നമ്പര്‍ ഗേറ്റിലൂടെ സ്റ്റേഡിയത്തിനകത്ത് പ്രവേശിക്കാം.

Tags: