ശബരിമല സ്ത്രീ പ്രവേശനം ഇടതുപക്ഷത്തിനെതിരേ പ്രചാരണ ആയുധമാക്കാന്‍ ബിജെപി

Update: 2018-10-04 08:45 GMT


തിരുവനന്തപുരം: ശബരി മലയില്‍ ആര്‍ത്തവ പ്രായത്തിലുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധി കേരളത്തിലെ ഇടതു സര്‍ക്കാരിനും സിപിഎമ്മിനുമെതിരായ പ്രചാരണ ആയുധമാക്കാനൊരുങ്ങി ബിജെപി. സുപ്രീം കോടതി വിധിക്കെതിരെ വിശ്വാസി സമൂഹം ആരംഭിച്ചിട്ടുള്ള ധര്‍മ്മ സമരത്തിന് ഭാരതീയ ജനതാ പാര്‍ട്ടി പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള അറിയിച്ചു.

സമരവുമായി ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതിനായി ബിജെപി സംസ്ഥാന നേതാക്കള്‍, ശ്രീധരന്‍ പിള്ളയുടെ നേത്യത്വത്തില്‍ ഇന്ന് കോട്ടയത്ത് ശബരിമല തന്ത്രി കുടുംബാംഗങ്ങളെയും വിവിധ ഹൈന്ദവ ആചാര്യന്മാരെയും, പന്തളം രാജകുടുംബാംഗങ്ങളെയും് സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തും.

വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ ഇടതുമുന്നണി സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ ബിജെപിയുടെ യുവജന വിഭാഗമായ ഭാരതീയ യുവമോര്‍ച്ചയും മഹിളാ വിഭാഗമായ ഭാരതീയ മഹിളാമോര്‍ച്ചയും ഇതിനകം തന്നെ സമരരംഗത്തിറങ്ങിയിട്ടുണ്ടെന്നും ഇപ്പോള്‍ പാര്‍ട്ടി തന്നെ നേരിട്ട് പ്രക്ഷോഭത്തിന് ഇറങ്ങുകയാണെന്നും ശ്രീധരന്‍പിള്ള പ്രസ്താവിച്ചു.

ദുര്‍വാശി ഉപേക്ഷിച്ച് ശബരിമല ക്ഷേത്രത്തിന് എതിരെയുള്ള നിലപാടില്‍ നിന്ന് എത്രയും വേഗം ഇടതു ജനാധിപത്യ മുന്നണി സര്‍ക്കാര്‍ പിന്‍വാങ്ങി, സുപ്രീകോടതി വിധിക്കെതിരെ റിവ്യു ഹര്‍ജി നല്‍കാന്‍ തയ്യാറാവണമെന്ന് ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ആകാമെന്ന നിലപാടാണ് നേരത്തേ ആര്‍എസ്എസ് സ്വീകരിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ അതില്‍ നിന്ന് മലക്കം മറിഞ്ഞ് വിശ്വാസി സമൂഹത്തോടൊപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഹൈന്ദവ സ്ത്രീകള്‍ തന്നെ വിധിക്കെതിരേ രംഗത്തു വന്നതും സിപിഎമ്മിനെതിരേ രാഷ്ട്രീയ ആയുധമാക്കാമെന്നതും മുന്നില്‍കണ്ടാണ് ആര്‍എസ്എസ് നിലപാട് മാറ്റം.
Tags:    

Similar News