ശബരിമല: സമവായ നീക്കവുമായി സര്‍ക്കാര്‍; തന്ത്രി കുടുംബത്തെ ചര്‍ച്ചയ്ക്ക് വിളിച്ചു

Update: 2018-10-06 05:35 GMT


തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രിംകോടതി ഉത്തരവ് നടപ്പാക്കാന്‍ സമവായ നീക്കവുമായി സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് ശബരിമല തന്ത്രികുടുംബത്തെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് തന്ത്രികുടുംബവുമായി ശനിയാഴ്ച ചര്‍ച്ച നടത്തുക.

വിഷയത്തില്‍ രാഷ്ട്രീയത്തിന് അതീതമായി ഹിന്ദുസംഘടനകള്‍ സമരത്തിനിറങ്ങിയ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ അനുരഞ്ജന പാത തേടുന്നത്. വിശ്വാസികള്‍ക്ക് മുറിവേറ്റുവെന്ന തരത്തിലുള്ള പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ശബരിമലയിലെ തന്ത്രിമാരുമായി ചര്‍ച്ച നടത്തണമെന്ന നിലപാടിലേക്കെത്തിയിരുന്നു.

സുപ്രിം കോടതി വിധി നടപ്പാക്കാന്‍ ഏത് സര്‍ക്കാരും ബാധ്യസ്ഥരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് കോടതി വിധി നടപ്പാക്കണമെന്നാണ് സിപിഎം നിലപാട്. യുദ്ധം ചെയ്ത് വിധി നടപ്പാക്കാനില്ലെന്നും കോടിയേരി പറഞ്ഞു. വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ഇഷ്ടമുള്ള സ്ത്രീകള്‍ക്ക് പോകാം. താല്‍പ്പര്യമില്ലാത്തവര്‍ക്ക് പോകേണ്ട. സ്ത്രീകളെ കൊണ്ട് പോകാനും വരാനും സിപിഎം ഇടപെടില്ലെന്നും കോടിയേരിയും വ്യക്തമാക്കി.

ഇതിന്റെ പിന്നാലെയാണ് തന്ത്രിമാരായ കണ്ഠരര് രാജീവര്, കണ്ഠരര് മോഹനര്, മഹേഷ് മോഹനര് എന്നിവരോട് തിരുവനന്തപുരത്തേക്ക് ചര്‍ച്ചക്കെത്താന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശിച്ചത്. ദേവസ്വംബോര്‍ഡ് പ്രസിഡന്റും മെമ്പര്‍മാരും ചര്‍ച്ചയില്‍ പങ്കെടുക്കും.
Tags:    

Similar News