സാമൂഹിക പ്രവര്‍ത്തകന്‍ നന്തി നാസര്‍ നിര്യാതനായി

ലേബര്‍ ക്യാംപുകളിലും മരുഭൂമിയില്‍ ഒറ്റപ്പെടുന്ന ഇടയര്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും സഹായമെത്തിക്കാനും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനും നന്തി നാസര്‍ ഇടപെട്ടിരുന്നു.

Update: 2019-12-29 06:06 GMT

ദുബൈ: സാമൂഹിക പ്രവര്‍ത്തകന്‍ നന്തി നാസര്‍ എന്ന കോഴിക്കോട് കൊയിലാണ്ടി നന്തിബസാര്‍ മുസ്‌ലിയാര്‍കണ്ടി വീട്ടില്‍ നാസര്‍ (56) നിര്യാതനായി. ഞായറാഴ്ച പുലര്‍ച്ചെ നെഞ്ചു വേദനയെ തുടര്‍ന്ന് ദുബായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം രാവിലെ എട്ടു മണിയോടെ മരിക്കുകയായിരുന്നു.

ദീര്‍ഘകാലം മുംബൈയില്‍ ട്രാവല്‍ ഏജന്‍സി രംഗത്ത് പ്രവര്‍ത്തിച്ച ഇദ്ദേഹം ദുബൈയിലെ സാമൂഹികവ്യവസായ മേഖലയില്‍ സജീവമായിരുന്നു. ലേബര്‍ ക്യാംപുകളിലും മരുഭൂമിയില്‍ ഒറ്റപ്പെടുന്ന ഇടയര്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും സഹായമെത്തിക്കാനും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനും ഇടപെട്ടിരുന്നു. ദേശീയ ദിനത്തോടനുബന്ധിച്ചും റമദാനിലും ദുബൈ പോലിസ് നടത്തിയ ഗിന്നസ് യജ്ഞങ്ങളുടെ മുഖ്യ സഹകാരി ആയിരുന്നു. ദുബൈയിലെ പിആര്‍ഒമാരുടെ കൂട്ടായ്മ സംഘാടകനായും പ്രവര്‍ത്തിച്ചു.

ആശുപത്രികളില്‍ കഷ്ടപ്പെടുന്ന രോഗികള്‍ക്ക് സഹായം എത്തിക്കുന്നതിനും മുന്നിട്ടു നില്‍ക്കാറുള്ള പൊതുപ്രവര്‍ത്തകന്‍ കൂടിയായിരുന്നു നന്തി നാസര്‍. നിരവധി സാമൂഹിക സംഘടനകളുടെ സാരഥിയാണ്. ഇന്‍ഡോ അറബ് ലീഡേഴ്‌സ് ഏര്‍പ്പെടുത്തിയ യുഎഇയിലെ ഏറ്റവും മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള പുരസ്‌കാരത്തിന് നന്തി നാസര്‍ അര്‍ഹനായിരുന്നു.

ഭാര്യ: നസീമ. മക്കള്‍: സന, ഷിബില (അമേരിക്ക), സാദ് (ബഹ്‌റൈന്‍). മൃതദേഹം ദുബൈ ആശുപത്രിയില്‍.




Tags:    

Similar News