ദുബയില്‍ അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി

ഇത്തരക്കാരെ സംരക്ഷിക്കുന്നവര്‍ക്ക് 100,000 ദിര്‍ഹം പിഴ ചുമത്തുമെന്ന് അധിക്യതര്‍ വ്യക്തമാക്കി. അനധികൃത താമസകാര്‍ക്ക് അവരുടെ താമസ കുടിയേറ്റ രേഖകള്‍ ശരിയാകാനും, പിഴയോ, ശിക്ഷാ നടപടികളോ കൂടാതെ തന്നെ വിസ സ്റ്റാറ്റസ് ശരിയാകാനുമായി കഴിഞ്ഞ വര്‍ഷം യുഎഇ യില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു.

Update: 2019-03-19 10:33 GMT

ദുബയ്: അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കുകയോ അവരെ ജോലിയ്ക്ക് നിയമിക്കുകയോ ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്ന് ദുബയ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ദുബയ് എമിഗ്രേഷന്‍). ഇത്തരക്കാരെ സംരക്ഷിക്കുന്നവര്‍ക്ക് 100,000 ദിര്‍ഹം പിഴ ചുമത്തുമെന്ന് അധിക്യതര്‍ വ്യക്തമാക്കി. അനധികൃത താമസകാര്‍ക്ക് അവരുടെ താമസ കുടിയേറ്റ രേഖകള്‍ ശരിയാകാനും, പിഴയോ, ശിക്ഷാ നടപടികളോ കൂടാതെ തന്നെ വിസ സ്റ്റാറ്റസ് ശരിയാകാനുമായി കഴിഞ്ഞ വര്‍ഷം യുഎഇ യില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. പൊതുമാപ്പിന്റെ അവസരം ഉപയോഗപ്പെടുത്താതെ ഇവിടെ തങ്ങുന്നവര്‍ക്കതിരേ കടുത്ത നടപടികള്‍ ഉണ്ടാകുമെന്ന് അധിക്യതര്‍ വ്യക്തമാക്കി.

ദുബയില്‍ പൊതുമാപ്പിന്റെ പ്രയോജനം ലഭിച്ചത് 1,05,809 പേര്‍ക്കാണെന്ന് ദുബയ് എമിഗ്രേഷന്‍ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി പറഞ്ഞു. ഇതില്‍ 1,212 പേര്‍ യുദ്ധം കൊണ്ട് കഷ്ടത അനുഭവിക്കുന്ന രാജ്യത്തില്‍ നിന്നുള്ളവരാണ്. പൊതുമാപ്പ് കാലയളവില്‍ ദുബയില്‍ 13,843 പേര്‍ അവരുടെ വിസ സ്റ്റാറ്റസ് മാറ്റി. 18,530 വിസ പുതുക്കുകയും 6,288 ആളുകള്‍ക്ക് പുതിയ റെസിഡന്‍സി വിസ ലഭിക്കുകയും ചെയ്തു.

അതേസമയം, തന്നെ ദുബയില്‍ നിന്ന് പൊതുമാപ്പ് നടപടി പൂര്‍ത്തിയാക്കി രാജ്യം വിട്ടവര്‍ 30,387 പേരാണ്. ഈ സമയത്ത് പുതിയ ജോലി തേടുന്ന ആളുകള്‍ക്ക് 35,549 തൊഴില്‍ അന്വേഷക വിസകളും അനുവദിച്ചു നല്‍കുകയും ചെയ്തുവെന്ന് മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി വ്യക്തമാക്കി. 'താമസ രേഖകള്‍ ശരിയാക്കി ജീവിതം സുരക്ഷിതമാക്കു' എന്ന സന്ദേശത്തിലാണ് കഴിഞ്ഞ വര്‍ഷം പൊതുമാപ്പ് രാജ്യത്ത് നില്‍വിലുണ്ടായിരുന്നത്. ഈ സമയത്ത് ദുബയിലെ പൊതുമാപ്പ് കേന്ദ്രമായ അല്‍ അവീറില്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ കാലങ്ങളിലെ പൊതുമാപ്പില്‍ നിന്ന് വ്യത്യസ്തമായി രാജ്യം വിട്ടുപോയവര്‍ക്ക് വീണ്ടും യുഎഇയിലേക്ക് തന്നെ തിരിച്ചുവരാനുള്ള അവസരവും രാജ്യം നല്‍കിയിരുന്നു. എന്നാല്‍ അനധികൃതമായി യുഎഇയിലേക്ക് കടന്നവര്‍ക്ക് രണ്ട് വര്‍ഷത്തിന് ശേഷമാണ് രാജ്യത്തേക്ക് വരാന്‍ അനുവാദം നല്‍കിയിരിക്കുന്നത്.





Tags:    

Similar News