സാംസ്‌കാരികപ്രവര്‍ത്തകര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം: ജനകീയപ്രതിഷേധം ഉയരണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ജനാധിപത്യത്തെ ഇല്ലായ്മചെയ്യുന്ന ഇത്തരം നടപടികള്‍ ചെറുത്തുതോല്‍പ്പിക്കാന്‍ ജനമുന്നേറ്റമുയര്‍ന്നുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രാജ്യത്തെ പൗരന്‍മാരെ ശത്രുക്കളായി പ്രഖ്യാപിച്ച് ജനങ്ങളോട് യുദ്ധംചെയ്യുകയാണ് മോദി സര്‍ക്കാര്‍.

Update: 2019-10-05 18:50 GMT

ദമ്മാം: ഹിന്ദുത്വതീവ്രവാദികള്‍ പശുവിന്റെയും ശ്രീരാമന്റെയും പേരില്‍ മുസ്‌ലിംകളെയും ദലിതുകളെയും തല്ലിക്കൊല്ലുന്നതിനെതിരേ പ്രമുഖര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്റെ പേരില്‍ അവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത നടപടിയെ അപലപിക്കുന്നതായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം. ജനാധിപത്യത്തെ ഇല്ലായ്മചെയ്യുന്ന ഇത്തരം നടപടികള്‍ ചെറുത്തുതോല്‍പ്പിക്കാന്‍ ജനമുന്നേറ്റമുയര്‍ന്നുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രാജ്യത്തെ പൗരന്‍മാരെ ശത്രുക്കളായി പ്രഖ്യാപിച്ച് ജനങ്ങളോട് യുദ്ധംചെയ്യുകയാണ് മോദി സര്‍ക്കാര്‍.

രാജ്യം കടുത്ത സാമ്പത്തിക തകര്‍ച്ചയിലേക്കും ദാരിദ്ര്യത്തിലേക്കും കൂപ്പുകുത്തുമ്പോഴും കടുത്ത വംശീയതയും ഫാഷിസ്റ്റ് ഉന്‍മൂലനസിദ്ധാന്തവും നടപ്പാക്കാന്‍ വെമ്പല്‍കൊള്ളുകയാണ് മോദി. എന്‍ആര്‍സിയുടെ പേരില്‍ രാജ്യം മുഴുവന്‍ തടങ്കല്‍പാളയങ്ങളൊരുക്കുമ്പോള്‍ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ നിശബ്ദത ആശങ്കയുളവാക്കുന്നു. ഭരണകൂടഭീകരത സൃഷ്ടിച്ച് രാജ്യം വരുതിയിലാക്കാമെന്ന മോഹമാണ് സംഘപരിവാരഭരണകൂടത്തിനുള്ളതെങ്കില്‍ രാജ്യസ്‌നേഹികള്‍ അതിനെ ചെറുത്തുതോല്‍പ്പിക്കുക തന്നെ ചെയ്യും.

ഫാഷിസ്റ്റ് ഭീകരതയ്‌ക്കെതിരേ ശബ്ദിക്കുന്ന സാംസ്‌കാരികനായകര്‍ക്ക് ഐക്യദാര്‍ഢ്യവും പിന്തുണയും അറിയിക്കുന്നതായും ദമ്മാമില്‍ ചേര്‍ന്ന ഇന്ത്യന്‍ സോഷ്യല്‍ ഫോറം സംസ്ഥാന സമിതി യോഗം വ്യക്തമാക്കി. സെന്‍ട്രല്‍ കമ്മിറ്റി അംഗം നമീര്‍ ചെറുവാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നാസര്‍ കൊടുവള്ളി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുബാറക് പോയില്‍തൊടി റിപോര്‍ട്ട് അവതരിപ്പിച്ചു. ഫാറുഖ് വവ്വാക്കാവ്, സെക്രട്ടറിമാരായ അന്‍സാര്‍ കോട്ടയം, നാസര്‍ ഒടുങ്ങാട്ട് സംസാരിച്ചു. 

Tags:    

Similar News