ബോംബ് സ്‌ഫോടനങ്ങള്‍ക്ക് തുടക്കം കുറിച്ച് സിപിഎം ചാവേര്‍ ഗുണ്ടകളെ രംഗത്തിറക്കുന്നു: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകള്‍ അടുത്തുവരുന്ന സമയത്ത് സിപിഎം ചാവേര്‍ ഗുണ്ടകളെ വളര്‍ത്തി സംസ്ഥാനത്ത് ഭീകരാന്തരീക്ഷം സ്രിഷ്ടിക്കുകയാണ്.

Update: 2020-09-04 18:22 GMT

അല്‍ അഹ്‌സ: സിപിഎം ശക്തി കേന്ദ്രമായ തലശ്ശേരി പൊന്ന്യത്ത് ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍ യുവാവിന്റെ ഇരുകൈകളും നഷ്ടപ്പെട്ട സംഭവം ഇടവേളക്ക് ശേഷം കേരളത്തില്‍ ബോംബ് സ്‌ഫോടനങ്ങള്‍ക്ക് തുടക്കം കുറിച്ച് സിപിഎം ചാവേര്‍ ഗുണ്ടകളെ രംഗത്തിറക്കുന്നതിന്റെ സൂചനയാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ അഹ്‌സ ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു.

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകള്‍ അടുത്തുവരുന്ന സമയത്ത് സിപിഎം ചാവേര്‍ ഗുണ്ടകളെ വളര്‍ത്തി സംസ്ഥാനത്ത് ഭീകരാന്തരീക്ഷം സ്രിഷ്ടിക്കുകയാണ്. സര്‍ക്കാര്‍ പ്രതിരോധത്തിലായ സ്വര്‍ണ കള്ളക്കടത്തും, ലൈഫ് മിഷന്‍ തട്ടിപ്പ്, മയക്കുമരുന്നു മാഫിയകളുമായി പാര്‍ട്ടി സെക്രട്ടിയുടെ മകന്റെ ബന്ധം എന്നിവയില്‍ നിന്നൊക്കെ ജന ശ്രദ്ധ തിരിച്ചുവിടാനാണു പുതിയ അക്രമ പരിപാടികള്‍ക്കു തുടക്കം കുറിച്ചിരിക്കുന്നത്.

കൊടിസുനിയുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 24ാം പ്രതിയായി അന്വേഷണസംഘം ഉള്‍പ്പെടുത്തുകയും പിന്നീട് തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിടുകയും ചെയ്ത റെമീഷിന്റെ ഇരു കൈപ്പത്തികളും സ്‌ഫോടനത്തില്‍ അറ്റു പോയിട്ടുണ്ട്.

വെഞ്ഞാറമൂട് ഇരട്ട കൊലപാതകം നടന്ന ശേഷം കേശവദാസ പുരത്തും ബോംബ് സ്‌ഫോടനം നടന്നിരുന്നു. സിപിഎം ചാവേര്‍ ഗുണ്ടകളെ വളര്‍ത്തുന്നതിനുള്ള വ്യക്തമായ തെളിവാണ് ഭരണത്തിന്റെ മറവില്‍ നടത്തുന്ന ആക്രമണങ്ങളെന്നും ബോംബ് നിര്‍മാണത്തെയും ആയുധ ശേഖരണങ്ങളെക്കുറിച്ചും സമഗ്രമായ അന്വഷണം വേണമെന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ അഹ്‌സ ബ്ലോക്ക് പ്രസിഡന്റ് ഫൈസല്‍ കരുനാഗപ്പള്ളി, ജനറല്‍ സെക്രട്ടറി സുജിന്‍ ചാവക്കാട് എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.


Tags: