കൊവിഡ് ബാധയില്ലെന്ന സര്‍ട്ടിഫിക്കറ്റ്: കേരള സര്‍ക്കാര്‍ നടപടിക്കെതിരേ ഹൈക്കോടതിയില്‍ ഹരജി നല്‍കി പ്രവാസി ലീഗല്‍ സെല്‍

ജൂണ്‍ 20 മുതല്‍ നാട്ടിലേയ്ക്കു വരണമെങ്കില്‍ പരിശോധന നടത്തി കൊവിഡ് ബാധിതനല്ലെന്ന സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ മാത്രമേ നാട്ടിലേക്കുവരാന്‍ സാധിക്കുകയുള്ളൂ എന്ന് കാണിച്ച് ജൂണ്‍ 11ന് കേരള സര്‍ക്കാര്‍ പുറത്തിറക്കിയ കത്തും തുടര്‍ന്നുള്ള മന്ത്രിസഭയുടെ തീരുമാനവുമാണ് ഇപ്പോഴുള്ള പ്രതിസന്ധിക്കു കാരണം.

Update: 2020-06-18 01:21 GMT

കുവൈത്ത്: വിദേശത്തുനിന്ന് വരുന്നവര്‍ക്ക് കൊവിഡ് ബാധയില്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ കേരള സര്‍ക്കാര്‍ നടപടിക്കെതിരേ പ്രവാസി ലീഗല്‍ സെല്‍ കേരള ഹൈക്കോടതിയില്‍ ഹരജി നല്‍കി. ഇത്തരത്തില്‍ ഒരു നിബന്ധനയില്ലാതെയാണ് പ്രവാസികള്‍ ഇതുവരെ നാട്ടിലേക്കെത്തിയിരുന്നത്. എന്നാല്‍, ജൂണ്‍ 20 മുതല്‍ നാട്ടിലേയ്ക്കു വരണമെങ്കില്‍ പരിശോധന നടത്തി കൊവിഡ് ബാധിതനല്ലെന്ന സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ മാത്രമേ നാട്ടിലേക്കുവരാന്‍ സാധിക്കുകയുള്ളൂ എന്ന് കാണിച്ച് ജൂണ്‍ 11ന് കേരള സര്‍ക്കാര്‍ പുറത്തിറക്കിയ കത്തും തുടര്‍ന്നുള്ള മന്ത്രിസഭയുടെ തീരുമാനവുമാണ് ഇപ്പോഴുള്ള പ്രതിസന്ധിക്കു കാരണം. 

ഇത്തരത്തിലൊരു നിബന്ധന കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പുറത്തിറക്കിയ എസ്ഒപികളില്‍ ഒന്നുമല്ലെന്നും വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇതുവരെ വന്നവര്‍ക്കു ഇത്തരത്തില്‍ ഒരു സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്നും ഹരജിയില്‍ പറയുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ നടപടി ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയുടെയും ജീവിക്കാനുള്ള അവകാശത്തിന്റെയും ലംഘനങ്ങളാണ്. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഇത്തരത്തിലൊരു നിബന്ധനയില്ല.

കൂടാതെ സമാനമായ ഒരു കേസില്‍ ഒഡീഷ സര്‍ക്കാര്‍ സ്വീകരിച്ച നടപടി സുപ്രിംകോടതി സ്റ്റേ ചെയ്ത കാര്യവും ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഈ സാഹചര്യത്തില്‍ കേരള സര്‍ക്കാറിന്റെ ഏകപഷീയമായ നടപടി റദ്ദുചെയ്യണമെന്നു ഹരജിയില്‍ ആവശ്യപ്പെടുന്നു. പലരാജ്യങ്ങളും ഇത്തരത്തില്‍ ഒരു ടെസ്റ്റിനായി കനത്ത തുകയാണ് ഈടാക്കുന്നത്. മാസങ്ങളായി ജോലിയും കൂലിയും നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് ഇത്രയും തുക ചെലവഴിക്കാന്‍ സാധിക്കില്ല. മാത്രമല്ല, പല രാജ്യങ്ങളിലും രോഗലക്ഷണമില്ലെങ്കില്‍ ഇത്തരത്തിലൊരു ടെസ്റ്റ് നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുമില്ല.

ആയതിനാല്‍ ഇപ്പോള്‍ത്തന്നെ കടുത്ത മാനസികവും ശാരീരികവും സാമ്പത്തികവുമായ ഭാരിച്ച പ്രയാസങ്ങളിലൂടെ കടന്നുപോവുന്ന പ്രവാസികളെ കൂടുതല്‍ ബുദ്ധിമുട്ടിക്കാതെ നാട്ടിലെത്തിക്കാനുള്ള നിര്‍ദേശം കേരളസര്‍ക്കാരിന് നല്‍കണമെന്നും പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം നല്‍കിയ ഹരജിയില്‍ ആവശ്യപ്പെടുന്നു. പ്രവാസി സമൂഹത്തിന് കോടതിയില്‍നിന്ന് നീതിലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗല്‍ സെല്‍ കണ്‍ട്രി ഹെഡ് ബാബു ഫ്രാന്‍സീസ് അറിയിച്ചു. ഹരജി കേരള ഹൈക്കോടതി അടുത്ത ദിവസം പരിഗണിക്കും. 

Tags:    

Similar News