കൊറോണ വൈറസ്: വിമാനത്താവളത്തിലും മറ്റു അതിര്‍ത്തി കവാടങ്ങളിലും നിരീക്ഷണം ശക്തമാക്കി

Update: 2020-01-24 12:47 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായി വിമാനത്താവളത്തിലും മറ്റു അതിര്‍ത്തി കവാടങ്ങളിലും നിരീക്ഷണം ശക്തമാക്കി. ഇതിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയം വിമാനതാവളത്തില്‍ പ്രത്യേക പരിശോധന കേന്ദ്രം സ്ഥാപിച്ചു. ഇതുമായി ബന്ധപ്പെട്ട് വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രതിനിധികള്‍ കഴിഞ്ഞ ദിവസം കുവൈത്ത് വിമാനത്താവളം സന്ദര്‍ശിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനു പ്രത്യേക യോഗം വിളിച്ചു കൂട്ടുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലെ തുറമുഖ, പാസ്‌പോര്‍ട്ട്, വിഭാഗങ്ങളുമായി ഏകോപനം ശക്തമാക്കി കൊണ്ട് പ്രത്യേക നടപടികള്‍ സ്വീകരിക്കുവാന്‍ യോഗത്തില്‍ തീരുമാനമായി.

മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വിമാനതാവളത്തിലും അതിര്‍ത്തി കവാടങ്ങളിലും കൂടുതല്‍ തെര്‍മ്മോ കാമറകള്‍ സ്ഥാപിക്കും. രോഗപ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയത്തിന്റെ നടപടിക്രമങ്ങള്‍ സുഗമമാക്കണമെന്നും വിമാനത്താവളത്തിലെ ആരോഗ്യ ക്ലിനിക്കും ഇന്‍സുലേഷന്‍ റൂമും അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനു പ്രവര്‍ത്തന സജ്ജമാണെന്നു ഉറപ്പുവരുത്തുവാനും യോഗത്തില്‍ തീരുമാനമായി. കൂടാതെ വിമാനതാവള ജീവനക്കാര്‍ക്ക് കയ്യുറകളും മാസ്‌കുകളും അടക്കമുള്ള ആരോഗ്യ പരിരക്ഷാ ഉപകരണങ്ങള്‍ നല്‍കുവാനും യോഗം തീരുമാനിച്ചു.

ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാരെ നിരീക്ഷിക്കുവാനും രോഗം സംശയിക്കപ്പെടുന്നവരെ ആവശ്യമായ പരിശോധനക്ക് വിധേയരാക്കുവാനും നടപടികള്‍ സ്വീകരിച്ചതായി വിമാനതാവള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.അതേ സമയം, ബീജിങിലെ കുവൈത്ത്് എംബസി ചൈനയില്‍ കഴിയുന്ന കുവൈത്ത് പൗരന്മാര്‍ക്ക് ഇന്നലെ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. പുതിയ കൊറോണ വൈറസ് ബാധിക്കാതിരിക്കാന്‍ ആവശ്യമായ മുന്‍ കരുതല്‍ സ്വീകരിക്കണമെന്നും എംബസി കുവൈത്ത് പൗരന്മാരോട് ആവശ്യപ്പെട്ടു.

Tags:    

Similar News