കൊവിഡ്: ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് ഡെക്‌സാമെതാസോണ്‍ നല്‍കാം; ഉത്പാദനം വര്‍ധിപ്പിക്കണമെന്ന് ലോകാരോഗ്യസംഘടന

ചെറിയതോതില്‍ രോഗമുള്ളവരിലോ പ്രതിരോധമരുന്നെന്ന നിലയിലോ ഡെക്സാമെതാസോണ്‍ ഉപയോഗിക്കരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഡെക്സാമെതാസോണിന്റെ ഉപയോഗം മൂലമുണ്ടായേക്കാവുന്ന പാര്‍ശ്വഫലങ്ങള്‍ കണക്കിലെടുത്താണിത്.

Update: 2020-06-23 07:28 GMT

ജനീവ: കൊവിഡ്-19 ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികില്‍സയില്‍ കഴിയുന്ന രോഗികളില്‍ ജീവന്‍രക്ഷാ മരുന്നെന്ന നിലയില്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയ ഡെക്സാമെതാസോണ്‍ ഉപയോഗിക്കാമെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്ഒ). സന്ധിവാതം, അര്‍ബുദം, ഗുരുതരമായ അലര്‍ജി, ആസ്ത്മ എന്നിവ ചികില്‍സിക്കുന്നതിന് ഉപയോഗിക്കുന്ന ഡെക്സാമെതാസോണ്‍, കുറഞ്ഞ ഡോസില്‍ തുടര്‍ച്ചയായി 10 ദിവസം നല്‍കിയ ഗുരുതര കൊവിഡ് രോഗികളില്‍ ഫലപ്രദമാണെന്ന് ഓക്സ്ഫഡ് സര്‍വകലാശാലയിലെ വിദഗ്ധര്‍ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ലോകാരോഗ്യസംഘടനയുടെ ഇടപെടല്‍.

ചെറിയ ഡോസില്‍ സ്റ്റീറോയ്ഡായ ഡെക്സാമെതാസോണ്‍ നല്‍കുന്നത് മരണനിരക്ക് കുറയ്ക്കുന്നുണ്ടെന്നായിരുന്നു വിദഗ്ധര്‍ അറിയിച്ചത്. ഗവേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും മരുന്നിന്റെ ഉപയോഗത്തിന് മാര്‍ഗരേഖ പുറപ്പെടുവിക്കുമെന്നും ഡബ്ല്യുഎച്ച്ഒ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതൊരു പ്രാഥമികപരീക്ഷണഫലം മാത്രമാണെന്നും ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ കൃത്യമായ മോല്‍നോട്ടം ഉറപ്പുവരുത്തിയ ശേഷം ഡെക്സാമെതാസോണ്‍ നല്‍കണമെന്ന് ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനം ഗബ്രിയേസിസ് മാധ്യമങ്ങളെ അറിയിച്ചു.

ചെറിയതോതില്‍ രോഗമുള്ളവരിലോ പ്രതിരോധമരുന്നെന്ന നിലയിലോ ഡെക്സാമെതാസോണ്‍ ഉപയോഗിക്കരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഡെക്സാമെതാസോണിന്റെ ഉപയോഗം മൂലമുണ്ടായേക്കാവുന്ന പാര്‍ശ്വഫലങ്ങള്‍ കണക്കിലെടുത്താണിത്. ഗുരുതരമല്ലാത്ത കൊവിഡ് രോഗികളില്‍ ഫലപ്രാപ്തിയുണ്ടാവുമെന്നതിന് യാതൊരു തെളിവും ലഭിച്ചിട്ടില്ല. എങ്കിലും ഇതിന്റെ ഉപയോഗംകൊണ്ട് വയറുവേദന, തലവേദന, തലകറക്കം, ഉറക്കമില്ലായ്മ, വിഷാദം തുടങ്ങിയ അവസ്ഥകളുണ്ടാവുമെന്ന വാദം അദ്ദേഹം നിഷേധിച്ചു.

വിലകുറഞ്ഞ മരുന്നായ ഡെക്സാമെതാസോണിന് ലോകമാകമാനം ഉത്പാദകരുള്ളതായും ആവശ്യം വര്‍ധിച്ചതിനാല്‍ മരുന്നിന്റെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായും ഗബ്രിയേസിസ് വ്യക്തമാക്കി. മരുന്നിന്റെ ഉത്പാദനം വര്‍ധിപ്പിക്കുകയെന്നതാണ് അടുത്ത വെല്ലുവിളി. ലോകത്തെമ്പാടും ഡെക്‌സാമെതാസോണ്‍ വേഗത്തിലും തുല്യമായും വിതരണം ചെയ്യണം. ഗുരുതരമായ രോഗികള്‍ കൂടുതലുള്ള രാജ്യങ്ങളില്‍ മരുന്ന് എത്തിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഇക്കാര്യത്തില്‍ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

കൊവിഡ് വ്യാപനത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് ഗബ്രിയേസിസ് തിങ്കളാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊവിഡിന്റെ ആഗോളവ്യാപനത്തിന് പിന്നില്‍ ലോകാരോഗ്യസംഘടനയും ചൈനയുമാണെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണത്തെ ക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ആദ്യത്തെ 10 ലക്ഷം പേരില്‍ വൈറസ് എത്താന്‍ മൂന്ന് മാസമെടുത്തപ്പോള്‍ കഴിഞ്ഞ എട്ടുദിവസം കൊണ്ടാണ് 10 ലക്ഷം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. കൊവിഡിന്റെ വ്യാപനം അതിവേഗമാണെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

Tags:    

Similar News