ഇന്തോനീസ്യയില്‍ സുനാമി; മരണം 168, നിരവധി പേരെ കാണാതായി

മരണസംഖ്യ കൂടിയേക്കുമെന്നാണു ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നിരവധി പേരെ കാണാതായതായും റിപോര്‍ട്ടുകളുണ്ട്.

Update: 2018-12-23 11:20 GMT

ജക്കാര്‍ത്ത: ഇന്തോനീസ്യയിലുണ്ടായ സുനാമിയില്‍ മരിച്ചവരുടെ എണ്ണം 198 ആയി. മരണസംഖ്യ കൂടിയേക്കുമെന്നാണു ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നിരവധി പേരെ കാണാതായതായും റിപോര്‍ട്ടുകളുണ്ട്. 748 പേര്‍ക്കു പരിക്കേല്‍ക്കുകയും പലരും വീടുകളും കെട്ടിടങ്ങളും ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയതായും വിവരമുണ്ട്. പ്രാദേശിക സമയം ശനിയാഴ്ച രാത്രി 9.30നാണ് സുനാമി ആഞ്ഞടിച്ചത്.

തെക്കന്‍ സുമാത്ര, പടിഞ്ഞാറന്‍ ജാവ എന്നിവിടങ്ങളില്‍ സുനാമിത്തിരകളില്‍പെട്ടു നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. സുനാമിയെ തുടര്‍ന്ന് തിരമാലകള്‍ 65 അടിയോളം ഉയര്‍ന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. അനക് ക്രാക്കതാവു അഗ്‌നിപര്‍വത ദ്വീപില്‍ ഉണ്ടായ പൊട്ടിത്തെറിയും കടലിനടിയിലുണ്ടായ വ്യതിയാനങ്ങളുമാണ് സുനാമിക്കു കാരണമെന്നാണു നിഗമനം. ക്രാക്കത്തോവ അഗ്‌നിപര്‍വതത്തിനു സമീപത്തായി വര്‍ഷങ്ങള്‍ക്കു മുമ്പ് രൂപപ്പെട്ട ദ്വീപാണിത്. പൊട്ടിത്തെറിയുണ്ടായ 24 മിനിറ്റുകള്‍ക്കകം സുനാമിത്തിരകള്‍ ആഞ്ഞടിച്ചെന്നാണു വിദഗ്ധര്‍ പറയുന്നത്. ഈയിടെ പാലുവിലും സുലവേസി ദ്വീപിലും ഉണ്ടായ ഭൂചലനത്തിലും സുനാമിയിലും ആയിരത്തിലധികം പേരാണു ഇന്തോനീസ്യയില്‍ മരിച്ചത്.

തുടര്‍ച്ചയായ സുനാമികള്‍ ഇന്തോനീസ്യന്‍ ദ്വീപുകളെ തകര്‍ക്കുകയാണ്. പാലു, സുലവേസി പ്രദേശങ്ങളെ തകര്‍ത്ത് മൂന്നുമാസം മുമ്പാണ് ഭൂകമ്പവും സൂനാമിയും ആഞ്ഞടിച്ചത്. അതില്‍മാത്രം 2000ത്തിലേറെ പേര്‍ മരണപ്പെട്ടു. മുന്നറിയിപ്പ് സംവിധാനം അശക്തമായതാണു ഇതിനു കാരണമെന്ന ആക്ഷേപത്തെ തുടര്‍ന്ന് അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണു ഇപ്പോഴത്തെ ദുരന്തം. ഇത്തവണയും സര്‍ക്കാര്‍ യാതൊരു മുന്നറിയിപ്പും നല്‍കിയിട്ടില്ല. അതിനാല്‍ത്തന്നെ ഒരു കടല്‍തീരത്ത് സംഗീതനിശ നടക്കുമ്പോഴാണ് തിരയുയര്‍ന്നത്. പോപ് സംഗീതം നടക്കുന്ന സ്റ്റേജ് തകരുന്നതിന്റെ വിഡിയോകളും പ്രചരിക്കുന്നുണ്ട്. 

Tags:    

Similar News