ജപ്പാനില്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

Update: 2024-01-01 09:00 GMT

ടോക്കിയോ: ജപ്പാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ഇതിന് പിന്നാലെ ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. തീരപ്രദേശമായ ഇഷികാവ പ്രിഫെക്ചറിലെ വാജിമ നഗരത്തില്‍ 1.2 മീറ്റര്‍ ഉയരത്തില്‍ തിരയടിച്ചതായി സ്ഥിരീകരിച്ചതായി ജാപ്പനീസ് മാധ്യമമായ എന്‍എച്ച്‌കെ റിപോര്‍ട്ട് ചെയ്തു. ആണവനിലയങ്ങളില്‍ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോയെന്ന്

    പരിശോധിക്കുന്നതായും റിപോര്‍ട്ടില്‍ പറയുന്നുണ്ട്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് 300 കിലോമീറ്ററിനുള്ളില്‍ അപകടകരമായ സുനാമി തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് ഹവായ് ആസ്ഥാനമായുള്ള പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഭൂകമ്പങ്ങള്‍ അനുഭവപ്പെടുന്ന മേഖലകളിലൊന്നാണ് ജപ്പാന്‍. 2011 മാര്‍ച്ചില്‍ ജപ്പാനിലെ വടക്കുകിഴക്കന്‍ ഭാഗത്ത് 9.0 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂകമ്പത്തില്‍ 18,500 പേരെ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തിരുന്നു. അന്ന് ഫുക്കുഷിമ ആണവനിലയത്തിനുള്‍പ്പടെ തകരാറ് സംഭവിച്ചിരുന്നു. 2022 മാര്‍ച്ചില്‍ ഫുകുഷിമ തീരത്ത് 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ കിഴക്കന്‍ ജപ്പാനിലെ മൂന്ന് പേര്‍ മരണപ്പെട്ടിരുന്നു.

Tags:    

Similar News