ഗസയില്‍ പ്രോസ്‌തെറ്റിക്‌സ് ആശുപത്രി തുറന്ന് ഖത്തര്‍

ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി ഹോസ്പിറ്റല്‍ ഫോര്‍ റീഹാബിലിറ്റേഷനും പ്രോസ്‌തെറ്റിക്‌സും ഇന്നലെ ഫലസ്തീനിലെ ഖത്തര്‍ അംബാസഡര്‍ മുഹമ്മദ് അല്‍ ഇമാദിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു.

Update: 2022-03-29 10:55 GMT

ഗസാ സിറ്റി: ഗസ മുനമ്പില്‍ കൃത്രിമ കൈകാലുകള്‍ ഘടിപ്പിക്കുന്ന വൈദഗ്ധ്യമുള്ള ഒരു ആശുപത്രി ഖത്തര്‍ തുറന്നതായി അല്‍അറബി അല്‍ജദീദ് റിപ്പോര്‍ട്ട് ചെയ്തു. ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി ഹോസ്പിറ്റല്‍ ഫോര്‍ റീഹാബിലിറ്റേഷനും പ്രോസ്‌തെറ്റിക്‌സും ഇന്നലെ ഫലസ്തീനിലെ ഖത്തര്‍ അംബാസഡര്‍ മുഹമ്മദ് അല്‍ ഇമാദിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു.

'ഫലസ്തീനിലെയും മിഡില്‍ ഈസ്റ്റിലെയും ഇത്തരത്തിലുള്ള ആദ്യ' സംരഭമാണെന്ന് പ്രാദേശിക സ്രോതസ്സുകള്‍ അഭിപ്രായപ്പെട്ടു. ഇസ്രായേല്‍ ആക്രമണങ്ങളില്‍ കൈകാലുകള്‍ നഷ്ടമായ ഫലസ്തീന്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഈ ആശുപത്രിയിലൂടെ ഇലക്ട്രോണിക് കൈകാലുകള്‍ ഘടിപ്പിച്ച് നല്‍കും.

'ഗസയില്‍ കൃത്രിമ കൈകാലുകള്‍ ആവശ്യമുള്ള ഡസന്‍ കണക്കിന് ഫലസ്തീനികള്‍ ഈ സൗകര്യത്തില്‍ നിന്ന് പ്രയോജനം നേടും, അവരില്‍ ആദ്യത്തെ ഇരുപത് പേരെ ഇതിനകം തന്നെ ആശുപത്രിയുടെ മെഡിക്കല്‍ ടീം സഹായിക്കുന്നു'-ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അടുത്ത ഇരുപത് പേരെ റമദാന്‍ മാസത്തിന് ശേഷം പുനരധിവസിപ്പിക്കുമെന്നും ആശുപത്രി വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Tags: