അഫ്‍ഗാനിസ്താനില്‍ വിമാനം തകര്‍ന്നു വീണു

വിമാനം തകര്‍ന്നു വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വിമാനം ഏതെന്നോ കൊല്ലപ്പെട്ടത് ആരെന്നോ തിരിച്ചറിയാന്‍ അഫ്‍ഗാൻ സര്‍ക്കാരിന് സാധിച്ചിട്ടില്ല.

Update: 2020-01-27 15:30 GMT

കാബൂള്‍: അഫ്‍ഗാനിസ്താനില്‍ വിമാനം തകര്‍ന്നു വീണതായി റിപോര്‍ട്ട്. കിഴക്കന്‍ ഗസ്‍നി പ്രവിശ്യയിലാണ് വിമാനം തകര്‍ന്നു വീണത്. മഞ്ഞുമൂടിയ പര്‍വ്വതനിരകളില്‍ തകര്‍ന്നു വീണ വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്. വിമാനം തകര്‍ന്ന സ്ഥലത്ത് അഫ്‍ഗാൻ സൈന്യം എത്തി. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെല്ലാം കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു.

വിമാനം തകര്‍ന്നു വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വിമാനം ഏതെന്നോ കൊല്ലപ്പെട്ടത് ആരെന്നോ തിരിച്ചറിയാന്‍ അഫ്‍ഗാൻ സര്‍ക്കാരിന് സാധിച്ചിട്ടില്ല. താലിബാന്‍ നിയന്ത്രിത മേഖലയിലാണ് വിമാനം നിലംപതിച്ചതെന്നാണ് പുറത്തു വരുന്ന വിവരം. അഫ്‍ഗാന്‍ സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള എരിന എയര്‍ലൈന്‍സിന്‍റെ ബോയിങ് വിമാനമാണ് തകര്‍ന്നു വീണതെന്നായിരുന്നു ആദ്യം വന്ന വാര്‍ത്ത. എന്നാല്‍ എയര്‍ലൈന്‍ സിഇഒ മിര്‍വൈസ് ഇത് നിഷേധിച്ചു.

പ്രാദേശിക സമയം ഉച്ചയോടെയാണ് വിമാനം തകര്‍ന്നു വീണതെന്നും എരിന എയര്‍ലൈന്‍സിന്‍റെ ബോയിംഗ് വിമാനമാണ് തകര്‍ന്നു വീണതെന്നും പ്രവിശ്യ ഗവര്‍ണറുടെ മാധ്യമ വക്താവിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് നേരത്തെ റിപോര്‍ട്ട് ചെയ്തിരുന്നു. വിമാനം തകര്‍ന്നു വീണെന്ന വാര്‍ത്തയെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും ഈ ഘട്ടത്തില്‍ കൂടുതലായി ഒന്നും പറയാനില്ലെന്നും താലിബാന്‍ വക്താവ് സബീദുല്ല മുജാഹിദ് പറഞ്ഞു.

അഫ്‍ഗാനിലൂടെ കടന്നു പോയ യാത്രാവിമാനങ്ങളെല്ലാം സുരക്ഷിതമായി കടന്നു പോയിട്ടുണ്ടെന്നും ഏതെങ്കിലും വിമാനം നിലംപതിച്ചതായി ഇതുവരെ വിവരമില്ലെന്നും അഫ്‍ഗാന്‍ എവിയേഷന്‍ ബോര്‍ഡ് അറിയിച്ചു. വിമാനം തകര്‍ന്നു വീണതായി സ്ഥിരീകരിച്ച ഗസ്‍നി പോലിസ് മേധാവി ബിബിസിയോട് പറഞ്ഞു. 

Similar News