ന്യൂസിലന്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട പൗരന് ധീരതക്കുള്ള അവാര്‍ഡ് നല്‍കുമെന്നു പാകിസ്താന്‍

Update: 2019-03-18 12:07 GMT

ലാഹോര്‍: കഴിഞ്ഞ വെള്ളിയാഴ്ച ന്യൂസിലന്റിലെ മസ്ജിദിലുണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ട പാക് പൗരനെ ധീരതക്കുള്ള മരണാനന്തര ബഹുമതി നല്‍കി ആദരിക്കുമെന്നു പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. വെടിവപ്പു നടത്തുന്നതിനിടെ അക്രമിയെ കീഴ്‌പെടുത്താന്‍ ശ്രമിക്കവെ കൊല്ലപ്പെട്ട മിയാന്‍ നഈം റാഷിദിനെയാണു രാഷ്ട്രം ആദരിക്കുകയെന്നു ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. നഈമിന്റെ ധീരത മാതൃകയാണ്. സ്വജീവന്‍ പണയം വച്ചു മറ്റുള്ളവരെ രക്ഷിക്കാനായിരുന്നു റാഷിദിന്റെ ശ്രമം. ഇതിനിടക്കാണ് അദ്ദേഹം കൊല്ലപ്പെട്ടത്. അതിനാല്‍ തന്നെ റാഷിദിനെ പോലുള്ളവരെ രാജ്യം ആദരിക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിനു എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. മറ്റുള്ളവരെ രക്ഷിക്കുന്നതിനായി ജീവന്‍ ബലിയര്‍പിച്ച സഹോദരനെ ഓര്‍ത്തു അഭിമാനിക്കുന്നുവെന്നു റാഷിദിന്റെ സഹോദരന്‍ ഖുര്‍ഷിദ് ആലം പറഞ്ഞു. പൗരന്‍മാര്‍ക്ക് ധീരതക്കുള്ള വിവിധ അവാര്‍ഡുകള്‍ നല്‍കുന്ന രാജ്യമാണ് പാകിസ്താന്‍. എന്നാല്‍ ഏതു അവാര്‍ഡാണ് റാഷിദിനു നല്‍കുകയെന്നു ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയില്ല. വെള്ളിയാഴ്ച രണ്ടു മസ്ജിദുകളിലായുണ്ടായ വെടിവപ്പില്‍ റാഷിദിന്റെ 22കാരനായ മകനടക്കം 9 പാക് പൗരന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. 

Tags:    

Similar News