വേണ്ടിവന്നാല്‍ ഇസ്രായേലിനെ ഭൂമുഖത്തു നിന്നു തുടച്ചുനീക്കുമെന്നു ഇറാന്‍

ഭീഷണികളും ആക്രമണങ്ങളും ഇസ്രായേല്‍ അവസാനിപ്പിക്കണം. അതല്ലെങ്കില്‍ ശക്തമായ തിരിച്ചടിക്കുക തന്നെ ചെയ്യും

Update: 2019-01-22 19:05 GMT

തെഹ്‌റാന്‍: മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കാനും തങ്ങള്‍ക്കെതിരേ ആക്രമണം തുടരാനുമാണ് തീരുമാനമെങ്കില്‍ ഇസ്രായേലിനെ ഭൂമുഖത്തു നിന്നു തന്നെ തുടച്ചു നീക്കുമെന്നു ഇറാന്‍ സൈനിക കമാന്റര്‍ അസീസ് നസീര്‍ സാദി. സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിലെ ഇറാനിയന്‍ കേന്ദ്രങ്ങള്‍ മിസൈല്‍ ആക്രമണത്തിലൂടെ ഇസ്രായേല്‍ തകര്‍ത്തതിനു തൊട്ടു പിന്നാലെയാണ് സാദിയുടെ ഭീഷണി. ഭീഷണികളും ആക്രമണങ്ങളും ഇസ്രായേല്‍ അവസാനിപ്പിക്കണം. അതല്ലെങ്കില്‍ ശക്തമായ തിരിച്ചടിക്കുക തന്നെ ചെയ്യും. ഇസ്രായേലിനെ പരിപൂര്‍ണമായി തൂടച്ചു നീക്കാനുള്ള സൈനിക ശക്തി തങ്ങളുടെ വ്യോമസേനക്കുണ്ട്. വേണ്ടി വന്നാല്‍ ഭൂമുഖത്തു നിന്നു ഇസ്രായേലിനെ തുടച്ചു നീക്കുക തന്നെ ചെയ്യും- അസീസ് നസീര്‍ സാദി വ്യക്തമാക്കി. സാദിയുടെ പ്രസ്താവനയോടെ മേഖല വീണ്ടും യുദ്ധഭീഷണിയിലായി. സിറിയന്‍ ഭരണകൂടത്തെ സഹായിക്കുന്നതിന് തലസ്ഥാനമായ ദമസ്‌കസില്‍ ഇറാന് നിരവധി ഓഫിസുകളും സൈനിക കേന്ദ്രങ്ങളും രഹസ്യാന്വേഷണ കേന്ദ്രങ്ങളും ആയുധപ്പുരകളുമുണ്ട്. ഇവയാണ് ഇസ്രായേല്‍ മിസൈല്‍ ആക്രമണത്തിലൂടെ തകര്‍ത്തത്. ഇസ്രായേല്‍ ആക്രമണത്തില്‍ കനത്ത നാശനഷ്ടമുണ്ടായതായാണ് റിപോര്‍ട്ട്.

Tags:    

Similar News